നെടുമ്പാശേരി: സ്കൂൾ വരാന്തയിൽ വിദ്യാർഥികളുടെ സുരക്ഷക്കായി സ്ഥാപിച്ച ഗ്ലാസ് റൂഫിംഗ് തകർന്നുവീണ് പഞ്ചായത്തംഗത്തിനും മൂന്ന് വിദ്യാർഥികൾക്കും പരിക്കേറ്റു. പാറക്കടവ് പഞ്ചായത്ത് മള്ളുശേരി ഗവ. എൽപി സ്കൂളിലാണ് അപകടമുണ്ടായത്. സ്കൂൾ അസംബ്ലിക്ക് തൊട്ടുമുൻപായിരുന്നു അപകടം. വിദ്യാർഥികൾ കൂട്ടത്തോടെ വരാന്തയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഗ്ലാസ് റൂഫിംഗ് തകർന്നുവീണതിനാൽ വലിയ ദുരന്തം ഒഴിവാക്കി.
ഏകദേശം ഒരാഴ്ച മുമ്പാണ് സ്കൂൾ വരാന്തയിൽ ഗ്ലാസ് ഉപയോഗിച്ചുള്ള റൂഫിംഗ് നിർമാണം പൂർത്തിയാക്കിയത്. നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് പരാതികളും ആശങ്കകളും ഉയർന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ ആറാം വാർഡ് അംഗം മേരി റാഫേലിനാണ് അപകടത്തിൽ പരിക്കേറ്റത്. ഗ്ലാസ് റൂഫിംഗ് തകർന്നുവീണതോടെ ചില്ലുകൾ ശരീരത്തിൽ പതിച്ചാണ് ഇവർക്ക് പരിക്കേറ്റത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കും പരിക്കേറ്റതായാണ് വിവരം. ചില്ലുകൾ തെറിച്ചുവീണ് വിദ്യാർഥികൾക്ക് നിസാര പരിക്കുകളാണ് സംഭവിച്ചത്. സംഭവമറിഞ്ഞ് അങ്കമാലി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമായതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും അന്വേഷണവും നടത്തിവരികയാണ്.
ഗ്ലാസ് റൂഫിംഗ് നിർമാണം ഏറ്റെടുത്ത കോൺട്രാക്ടർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.