അറ്റ്ലാന്റ: യുക്രെയ്നിലെയും ഇറാനിലെയും യുദ്ധങ്ങൾ ആഗോളതലത്തിൽ ഭിന്നതകൾ രൂക്ഷമാക്കുന്നതിനിടെ ജി20 രാജ്യങ്ങളോട് സഹകരണത്തിന് ആഹ്വാനം ചെയ്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഉൾപ്പെടെയുള്ള ജി20 അംഗരാജ്യങ്ങളുടെ പ്രതിനിധികളോടാണ് റൂബിയോ ഇക്കാര്യം പറഞ്ഞത്.
അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സ്റ്റേറ്റ് സെക്രട്ടറി നിർണായക പ്രഖ്യാപനം നടത്തിയത്. ഇറാനെതിരായ യുഎസ് യുദ്ധത്തെത്തുടർന്ന് ആഗോള ഊർജവില കുതിച്ചുയർന്ന സാഹചര്യവും യോഗത്തിൽ പ്രധാന ചർച്ചയായി. വെള്ളിയാഴ്ച ആരംഭിച്ച ദ്വിദിന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി നടത്താനിരുന്ന ഗ്രൂപ്പ് ഫോട്ടോ അവസാന നിമിഷം റദ്ദാക്കി.
റഷ്യൻ പ്രതിനിധി സംഘത്തോടൊപ്പം ചിത്രമെടുക്കുന്നതിൽ ചില യൂറോപ്യൻ ഉദ്യോഗസ്ഥർ എതിർപ്പ് അറിയിച്ചതിനെത്തുടർന്നാണ് ഗ്രൂപ്പ് ഫോട്ടോ റദ്ദാക്കിയതെന്നാണ് സൂചന. 2022-ൽ റഷ്യ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ നടന്ന മുൻ ജി20 യോഗങ്ങളിലും റഷ്യൻ പ്രതിനിധികൾക്കൊപ്പം ഫോട്ടോ എടുക്കുന്നതിൽ യൂറോപ്യൻ നേതാക്കൾ വിമുഖത പ്രകടിപ്പിച്ചിരുന്നു.
ചൈന, ഇന്ത്യ, റഷ്യ, ജപ്പാൻ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ അംഗങ്ങളായ ജി20യുടെ അടുത്ത നേതൃ ഉച്ചകോടി ഡിസംബറിൽ മയാമിയിലെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഡോറൽ റിസോർട്ടിൽ നടക്കും.