ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ വലച്ച സാങ്കേതിക തടസത്തിനു പിന്നാലെ തങ്ങളുടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചതായി ടെക് ഭീമനായ മൈക്രോസോഫ്റ്റ് അറിയിച്ചു.
ഇന്നലെ രാത്രി ഇന്ത്യൻ സമയം രാത്രി 9.40 ഓടെ സാധാരണ ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ പൂർവസ്ഥിതിയിലായതായി കമ്പനി വ്യക്തമാക്കി. അതേസമയം, ബിസിനസ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് 365 എന്റർപ്രൈസ് സേവനങ്ങൾ ക്രമേണ സാധാരണനിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. തടസപ്പെട്ട സമയത്ത് അയച്ച സന്ദേശങ്ങൾ കൃത്യമായി ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് സാങ്കേതിക വിദഗ്ധർ.
സാങ്കേതിക തകരാർ ഉണ്ടാക്കിയ ആഘാതത്തിന്റെ തീവ്രത കണക്കിലെടുത്ത്, കൂടുതൽ പരിഹാരനടപടികൾ ആവശ്യമില്ലെന്ന് ഉറപ്പാക്കാൻ ദീർഘനേരത്തേക്ക് സേവനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് തങ്ങളുടെ സർവീസ് സ്റ്റാറ്റസ് പേജിലൂടെ അറിയിച്ചു. ഔട്ട്ലുക്ക് , ടീംസ് തുടങ്ങിയ സേവനങ്ങൾ മണിക്കൂറുകളോളം നിലച്ചത് ആഗോളതലത്തിൽ വ്യോമയാന മേഖലയെയും കോർപറേറ്റ് ഓഫീസുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിരുന്നു.
വിശദീകരണം ഇങ്ങനെ
അതേസമയം, മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ ആഗോള തടസത്തിനു പിന്നിൽ സൈബർ ആക്രമണമോ റോഗ് എഐ മോഡലുകളുടെ ഇടപെടലോ അല്ലെന്ന് മൈക്രോസോഫ്റ്റ് കോപിലോട്ട് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ചാൾസ് ലമാന്ന വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകളും ദുരൂഹതാ സിദ്ധാന്തങ്ങളും വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. ഇതിനു പിന്നിൽ യാതൊരു വിധത്തിലുള്ള ദുരൂഹ പ്രവർത്തനങ്ങളുടെ ലക്ഷണങ്ങളുമില്ലെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.