ഒട്ടാവ: സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശ രാഷ്ട്രീയത്തിനും യുദ്ധനയങ്ങൾക്കും എതിരേ ലോകജനതയുടെ പ്രതിഷേധം ശക്തമാകേണ്ടതിന്റെ ആവശ്യകതയാണ് ചരിത്രം മുന്നോട്ടുവയ്ക്കുന്നതെന്ന് കാനഡയിൽ ചേർന്ന വേൾഡ് പീസ് കൗൺസിൽ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
അധികാരവും സൈനികശക്തിയും മാത്രം ഒരു ഭരണാധികാരിയുടെ രാഷ്ട്രീയ ഭാവി ഉറപ്പാക്കില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ വിശ്വാസം, ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ബഹുമാനം, അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം എന്നിവയാണ് ഭരണത്തിന്റെ നിലനിൽപ്പിൽ നിർണായകമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.
വേൾഡ് പീസ് കൗൺസിലിന്റെ ജനറൽ അസംബ്ലി 2027 നവംബറിൽ തുർക്കിയിൽ നടത്താനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ചെയർമാൻ പല്ലബ് സെൻ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വേൾഡ് പീസ് കൗൺസിൽ ജനറൽ സെക്രട്ടറിയും ഗ്രീക്ക് പാർലമെന്റ് അംഗവുമായ അത്തണോസിസ് പഫിലിസ് മുഖ്യപ്രഭാഷണം നടത്തി.
എക്സിക്യൂട്ടീവ് സെക്രട്ടറി ഇറാക്ലിസും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
32 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) ദേശീയ സെക്രട്ടറി അഡ്വ. വി.ബി. ബിനുവും സംസാരിച്ചു.