ഗോവയിലെ വിനോദസഞ്ചാര കേന്ദ്രമായ വാഗത്തോർ ബീച്ചിൽ ആഡംബര എസ്‌യുവി തിരമാലകളിൽ കുടുങ്ങിയ സംഭവം ഇപ്പോൾ പുതിയൊരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്.
സമുദ്രതീരത്ത് ടൊയോട്ട ഫോർച്യൂണർ അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നതോടെ വാഹനത്തിന്‍റെ ഉടമയായ ഗുജറാത്ത് സ്വദേശി അർജുൻ സിംഗ് റാവത്തിന് നേരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്.
എന്നാൽ, ഈ സംഭവത്തിൽ താനാണ് ഏക ഉത്തരവാദിയെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഒരു ഹോട്ടൽ ജീവനക്കാരൻ രംഗത്തെത്തിയതോടെ കഥയാകെ മാറി.
വാഹനം വൃത്തിയാക്കാനായി തന്നെ ഏൽപ്പിച്ചതായിരുന്നുവെന്നും എന്നാൽ ഉടമയുടെ അറിവോ സമ്മതമോ കൂടാതെ കാർ കഴുകാനായി താൻ കടൽതീരത്തേക്ക് ഓടിച്ചു കൊണ്ടുപോവുകയായിരുന്നുവെന്നും ഇയാൾ വീഡിയോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ആ സമയത്ത് ഉടമ അവിടെ ഉണ്ടായിരുന്നില്ലെന്നും തന്‍റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണിതെന്നും പറഞ്ഞ ജീവനക്കാരൻ, ഈ തെറ്റിന് വാഹനത്തിന്‍റെ ഉടമയെ ക്രൂശിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. കാർ കഴുകാൻ നൽകിയതാണെന്ന ഉടമയുടെ മുൻപത്തെ വാദത്തെ ശരിവെക്കുന്നതാണ് ജീവനക്കാരന്‍റെ ഈ കുറ്റസമ്മതം.
എങ്കിലും ഈ വെളിപ്പെടുത്തൽ ഒരു വിഭാഗം ആളുകൾക്കിടയിൽ വലിയ സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നിയമനടപടികളിൽ നിന്നും കനത്ത പിഴയിൽ നിന്നും രക്ഷപ്പെടാൻ ഉടമ തന്നെ ആസൂത്രണം ചെയ്ത ഒത്തുകളിയാണോ ഇതെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നു.
അതിശക്തമായ തിരമാലകൾക്കിടയിൽ കാർ മുങ്ങിക്കിടക്കുന്നതും ആളുകൾ ഓടിക്കൂടി കാറിന്‍റെ വാതിലുകൾ തുറന്ന് വെള്ളം ഒഴുക്കി കളയാൻ ശ്രമിക്കുന്നതുമായ കാഴ്ചകൾ വലിയ ചർച്ചയായിരുന്നു.
ആദ്യം മറ്റൊരു ആഡംബര വാഹനമായ ടൊയോട്ട ഹിലക്സ് ഉപയോഗിച്ച് ഫോർച്യൂണർ വലിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ജെസിബി എത്തിച്ചാണ് വാഹനം കരയിലേക്ക് എത്തിക്കാനായത്.
കടൽവെള്ളം ഉള്ളിൽ കയറിയതിനാലും എഞ്ചിൻ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഭാഗങ്ങൾ നശിച്ചതിനാലും ഈ വാഹനം ഇനി നന്നാക്കിയെടുക്കാൻ സാധിക്കാത്ത വിധം ഉപയോഗശൂന്യമാകാനാണ് സാധ്യത.
ജീവനക്കാരൻ കുറ്റമേറ്റെങ്കിലും അശ്രദ്ധമായ ഡ്രൈവിംഗിനും നിരോധിത മേഖലയിൽ വാഹനം പ്രവേശിപ്പിച്ചതിനുമായി അഞ്ജുന പോലീസ് നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് നിലവിൽ വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.