ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ ആദ്യ 12 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തരംഗം സൃഷ്ടിച്ചത് കുഞ്ഞന്മാരെന്നു വിശേഷണമുള്ള ടീമുകളുടെ ഗോള്‍ കീപ്പര്‍മാര്‍. അതില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയത് അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ദെയുടെയും കുറസാവോയുടെയും ഗോള്‍ വൊസീഞ്ഞയും എല്‍റോയ് റൂമുമാണ്. എന്നാല്‍, ഫിഫ ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച സേവുകളില്‍ ഒന്നുമായി ഇറാന്റെ അലിറേസ ബെയ്റന്‍വാണ്ട് ഹീറോ പരിവേഷത്തിലെത്തി.
ഗ്രൂപ്പ് ജിയില്‍ ബലവാന്മാരായ ബെല്‍ജിയത്തിന് എതിരായ മത്സരത്തിന്റെ 59-ാം മിനിറ്റിലായിരുന്നു അലിറേസയുടെ ചരിത്രപരമായ സേവിംഗ്. വീണു കിടന്നിടത്തുനിന്നുള്ള ഡൈവിലൂടെയായിരുന്നു ക്ലോസ് റേഞ്ചിലെ സേവ്. ഫുട്ബോള്‍ ലോകം അന്തംവിട്ട നിമിഷം.
ഇറാന്റെ ഡീപ്പ് ബോക്സിനുള്ളിലേക്ക് ഉയര്‍ന്നെത്തിയ പന്ത് ബെല്‍ജിയത്തിന്റെ കെവിന് ഡി ബ്രൂയിന് കാലില്കുരുക്കി നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് ക്ലോസ് റേഞ്ചിലേക്ക് ഒരു ക്രോസ്. പന്ത് ലഭിച്ചത് ഇറാന്റെ അലി നെമാത്തിക്ക്. എന്നാല്‍, നെമാത്തിയുടെ രക്ഷപ്പെടുത്തല്‍ ചെന്നെത്തിയത് മാക്സിം ഡി കൈപ്പറിന്റെ പാകത്തിന്. ഡി കൈപ്പറിന്റെ ഉജ്വലഷോട്ട്. ഡി ബ്രൂയിന്റെ ക്രോസ് തടയാനായി ചാടുന്നതിനിടെത്തന്നെ അലിറേസ മൈതാനത്തു വീണിരുന്നു. എന്നാല്‍, ഡി കൈപ്പറിന്റെ ഷോട്ട് കൃത്യമായി ജഡ്ജ് ചെയ്ത അലിറേസ വീണിടത്തുനിന്നൊരു ഡൈവ്.
പന്ത് അലിറേസയുടെ കൈയില്‍ തട്ടിത്തെറിച്ചു. അവിശ്വസനീയമായ സേവിംഗ്.
‘പ്രതിമ സ്ഥാപിക്കണം'
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ നിശ്ചിത സമയത്ത് ഏറ്റവും കൂടുതല്‍ സേവിംഗ് നടത്തിയതിന്റെ റിക്കാര്‍ഡ് കുറസാവോ ഗോള്‍ കീപ്പര്‍ എലോയ് റൂം സ്വന്തമാക്കി. ഗ്രൂപ്പ് ഇയില്‍ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ എലോയ് റൂം നടത്തിയത് 15 സേവ്. മത്സരശേഷം എലോയ് തമാശയോടെ പറഞ്ഞത് ഇങ്ങനെ: “കുറസാവോയില്‍ എന്റെ ഒരു പ്രതിമ സ്ഥാപിക്കണം”. കന്നി ലോകകപ്പ് കളിക്കുന്ന കുറസാവോ, ലോകകപ്പ് വേദിയില്‍ നേടിയ ആദ്യ പോയിന്റാണിത്.
1966ല്‍ കണക്കുകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ചശേഷം 90 മിനിറ്റിനിടെ ഒരു ഗോള്‍ കീപ്പര്‍ നടത്തുന്ന റിക്കാര്‍ഡ് സേവിംഗിനൊപ്പമാണിത്.
വൊസീഞ്ഞ, സുസൂക്കി
ഇതിനോടകം ഗോള്‍വലയ്ക്കു മുന്നില്‍ ഉജ്വല പ്രകടനം നടത്തിയ മറ്റു രണ്ടു താരങ്ങളാണ് കേപ് വെര്‍ദെയുടെ 40കാരനായ വൊസീഞ്ഞയും ജപ്പാന്റെ 23കാരനായ സിയോന്‍ സുസൂക്കിയും. ഗ്രൂപ്പ് എഫില്‍ ജപ്പാന് 2-2ന് നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ തളച്ചപ്പോള്‍ സുസൂക്കിയുടെ മിന്നല്‍ സേവിംഗുകള്‍ നിര്‍ണായകമായി. ഗ്രൂപ്പ് എച്ചില് കരുത്തരായ സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോഴായിരുന്നു കേപ് വെര്‍ദെയുടെ ഗോളി വൊസീഞ്ഞ തരംഗമായത്.
ഒന്നാമന് എലോയ്
2026 ലോകകപ്പിലെ ആദ്യ 11 ദിനം പൂര്‍ത്തിയായപ്പോള്‍ കൂടുതല്‍ സേവിംഗ് നടത്തിയ ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ ഒന്നാമതുള്ളത് കുറസാവോയുടെ എലോയ് റൂം. രണ്ടു മത്സരങ്ങളിലായി 17 സേവിംഗുകള്‍ എലോയ് റൂം നടത്തി. ഇറാന്റെ അലിറേസയാണ് രണ്ടാമത്, രണ്ടു മത്സരങ്ങളില്‍ 10 സേവ്. ഓസ്ട്രേലിയയുടെ പാട്രിക് ബീച്ച്, ഒര്‍ലാന്റോ ഗില്‍, സൗദി അറേബ്യയുടെ മുഹമ്മദ് അല്‍ ഉവൈസ് എന്നിവര്‍ ഒമ്പത് സേവുകള്‍ വീതം നടത്തി പിന്നാലെയുണ്ട്.