ഭാരതത്തിലെ ഇതര സംസ്ഥാനങ്ങൾക്കു മുമ്പിൽ അഭിമാനപൂര്‍വം വിളിച്ചുപറയാവുന്ന ക്ഷേമസങ്കല്പത്തിന്റെ പ്രഖ്യാപനമായ ഒരു നിയമനിര്‍മാണത്തിന് കേരള നിയമസഭ സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച ‘2026ലെ കേരളം മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും’ ബിൽ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
ഈ ബില്ലിന്റെ ഉദ്ദേശ്യങ്ങള്‍ വിവരിക്കുമ്പോള്‍ ആരോഗ്യകരമായ വാര്‍ധക്യത്തിനായുള്ള നയങ്ങളും പദ്ധതികളും മുന്‍ഗണനാ ഇടപെടലുകളും നടത്താന്‍ ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത് ഓര്‍മിപ്പിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും മുതിര്‍ന്ന പൗരന്മാര്ക്കിടയിലെ ആരോഗ്യ അവബോധവും മൂലം കേരളത്തിലെ മുതിര്‍ന്നവരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിട്ടുണ്ടെന്നും നിരീക്ഷിക്കുന്നു.
വാര്‍ധക്യത്തിലെത്തുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി വിവിധ സംവിധാനങ്ങള്‍ ദീര്‍ഘകാല ശ്രദ്ധയോടും ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തോടും കൂടെ പുനര്‍നിര്‍മിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിയമനിര്‍മാണത്തിനായി സര്‍ക്കാര്‍ തയാറായത്. 11 അധ്യായങ്ങളിലായി 36 വകുപ്പുകളാണ് ബില്ലില്‍ നിര്‍ദേശിച്ചിരുന്നത്.
സ്വഗൃഹം പ്രധാനം
ഈ നിയമത്തിന്റെ കാഴ്ചപ്പാടില്‍, ഏവര്‍ക്കും മാനസിക പിന്തുണയും ആശ്വാസവും നല്കുന്ന സൗകര്യപ്രദമായ ഇടം വീടുതന്നെയാണ്. വയോജന പരിചരണ പരിപാടികളില്‍ മുതിര്‍ന്ന പൗരന്മാരെ വീട്ടില്‍ ജീവിക്കാന്‍ സഹായിക്കുന്ന പരിചരണ പരിപാടികള്‍ക്കാണ് പ്രഥമ പരിഗണന. പൊതുസമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്ന മുതിര്‍ന്ന പൗരന്മാരെ അവരുടെ അവകാശസംരക്ഷണ സൗകര്യാര്‍ഥം യുവവൃദ്ധര് (60-69 വയസ്), വൃദ്ധര്‍ (70-79 വയസ്), അതിവൃദ്ധര്‍ (80-89 വയസ്) അത്യന്തം വൃദ്ധര്‍ (90 വയസിനു മുകളില്‍) എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.
ബില്ലിലെ ഒന്നാമധ്യായത്തില്തന്നെ മുതിര്‍ന്ന പൗരനെ നിര്‍വചിച്ചിരിക്കുന്നത് ‘ഇന്ത്യന്‍ പൗരനും അറുപതോ അതിലധികമോ വയസ് പൂര്‍ത്തിയായതുമായ ഏതൊരു വ്യക്തിയും’ എന്നാണ്. മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളുടെ പശ്ചാത്തലമായി വരുന്ന പൊതുതത്വങ്ങള്‍ വിവരിക്കുന്ന രണ്ടാമധ്യായത്തിലെ ഒന്നാമത്തെ ഉപവകുപ്പുതന്നെ അന്തസിനും ആദരവിനുമുള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്നു.
ഓരോ മുതിര്‍ന്ന പൗരനും ചൂഷണങ്ങളില്‍നിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങളില്‍നിന്നും മുക്തമായി സുരക്ഷിതത്വത്തോടെ അന്തസുള്ള ജീവിതം നയിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ് എന്ന് അസന്ദിഗ്ധമായി പറയുന്നു.
അതുപോലെതന്നെ തുല്യപ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന മറ്റൊരവകാശമാണ് മൂന്നാം വകുപ്പില്‍ പറയുന്ന സ്വഗൃഹത്തില്‍ താമസിക്കുന്നതിനുള്ള അവകാശം. മുതിര്‍ന്ന പൗരന് കഴിയുന്നിടത്തോളം സ്വന്തം വീട്ടില്‍ താമസിക്കേണ്ടതും വീട്ടില്‍ത്തന്നെ ആരോഗ്യകരവും ഊര്‍ജസ്വലവുമായ വാര്‍ധക്യം സാധ്യമാകുന്നതിന് തക്കതായ പരിചരണം നല്‍കേണ്ടതുമാണ് എന്ന് ഓര്‍മിപ്പിക്കുന്നു.
ഈ അവകാശങ്ങള്‍ മറ്റുള്ള പൗരന്മാരുടെ കടമകളിലേക്കുകൂടി വിരല്‍ ചൂണ്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ന്നു വരുന്ന അധ്യായങ്ങളില്‍ മുതിര്‍ന്ന പൗരസംരക്ഷണത്തിനായുള്ള സംസ്ഥാന-ജില്ലാതല സ്ഥാപന സംവിധാനങ്ങളെപ്പറ്റിയും മുതിര്‍ന്ന പൗരപരിചരണ കേന്ദ്രങ്ങളുടെ സ്ഥാപനത്തെയും പ്രവര്‍ത്തനത്തെയും പറ്റിയും പ്രതിപാദിക്കുന്നത്. അതേത്തുടര്‍ന്ന് പരിചരണദാതാക്കളുടെ പരിശീലനം, സര്ട്ടിഫിക്കേഷന്, പരിചരണ വിലയിരുത്തല്‍ എന്നിവയെപ്പറ്റി ആറാമധ്യായം ചര്‍ച്ച ചെയ്യുന്നു.
സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം
മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ അക്കമിട്ടു നിരത്തുന്ന നാലാം വകുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍-ഇതര സ്ഥാപനങ്ങള്‍, വ്യക്തികള്‍, കൂട്ടായ്മകള്‍ മുതലായവര്‍ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ ചുവടെ:
1. വിധവകള്‍, ഉപേക്ഷിക്കപ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍, അതിക്രമത്തെ അതിജീവിച്ചവര്‍, ഭവനരഹിതര്‍, നിരാലംബര്‍ മുതലായ വിഭാഗങ്ങളില്‍പെട്ട മുതിര്‍ന്ന പൗരരായ വനിതകള്‍ക്കായി മുന്‍ഗണനാടിസ്ഥാനത്തിലുള്ള സംരക്ഷണ സംവിധാനങ്ങള്‍ തയാറാക്കുക.
2. ഓരോ മുതിര്‍ന്ന പൗരനും പ്രാപ്യമാകുംവിധം ഗൃഹപരിചരണ സേവനങ്ങള്‍, പകല്‍ പരിചരണ കേന്ദ്രങ്ങള്‍, സഹായിത ജീവിതസൗകര്യങ്ങള്‍, വിശ്രമപരിചരണം, സാന്ത്വന പരിചരണം, അടിയന്തര വൈദ്യസഹായം എന്നിവ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ ഒരുക്കുക.
3. എല്ലാ പൊതുകെട്ടിടങ്ങളും സേവനസ്ഥലങ്ങളും പൊതു ഇടങ്ങളും മുതിര്‍ന്ന പൗരസൗഹൃദ പ്രവേശനക്ഷമത ഉറപ്പാക്കുന്നതിന് റാംപുകള്‍, മുന്‍ഗണനാ ഇരിപ്പിടങ്ങള്‍, ക്യൂ സംവിധാനം, പ്രാപ്യമായ ശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തി പുനര്‍വിന്യസിക്കുക.
4. ലളിതമായ ഇന്റര്‍ഫേസുകള്‍, വലിയ അക്ഷരങ്ങള്‍, ശബ്ദസഹായ സംവിധാനം, ഹൈകോണ്ട്രാസ്റ്റ് ഡിസ്പ്ലേ മോഡുകള്‍ എന്നിവ മുതിര്‍ന്ന പൗരന്മാരുടെ ഉപയോഗത്തിനായി രൂപകല്പന ചെയ്തു സ്ഥാപിക്കുകയും അവയുടെ ഉപയോഗത്തിനായി അവര്‍ക്ക് ആവശ്യകമായ ഡിജിറ്റല്‍ സാക്ഷരതാ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുക.
5. ഈ ആക്ട് പ്രകാരം ലഭിക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ലീഗല്‍ സര്‍വീസസ് അഥോറിറ്റികളും നിയമസഹായത്തിനും നിയമസാക്ഷരതയ്ക്കും ആവശ്യമായ സംവിധാനങ്ങളും സജ്ജീകരിക്കുക.
6. മനുഷ്യാന്തസ് സംരക്ഷിക്കുന്ന ഉത്പന്നങ്ങളായ ചലനസഹായ ഉപകരണങ്ങള്‍, ശ്രവണസഹായികള്‍, കണ്ണടകള്‍, മല-മൂത്ര നിയന്ത്രണോത്പന്നങ്ങള് തുടങ്ങിയവ മുതിര്‍ന്ന പൗരന്മാര്ക്ക് ന്യായമായ വിലയില്‍ ലഭ്യമാക്കുക.
അവകാശലംഘനത്തിന് ശിക്ഷ
ഈ ആക്ടിലെയും ഇതിനു കീഴില്‍ പുറപ്പെടുവിക്കുന്ന ചട്ടങ്ങളിലെയും മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുതകുന്ന മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും അവകാശലംഘനത്തിനുള്ള ശിക്ഷകളുമാണ് പത്താമധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഈ നിയമങ്ങള്‍ പൂര്‍ണമായ രീതിയില്‍ നടപ്പാക്കപ്പെടുമ്പോള്‍ മനുഷ്യവ്യക്തിക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതല്‍ ആത്മാഭിമാനത്തോടെയും അന്തസോടെയും സമൂഹത്തിന്റെ ഭാഗമായി ജീവിക്കാനുള്ള അവസരമാണ് സംജാതമാകുന്നത്. അത് സാധ്യമാക്കാന്‍ നാമേവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.