ഗ്രെനോബിൾ (ഫ്രാൻസ്): രോഗങ്ങളുടെയും ശരീരശാസ്ത്രത്തിന്‍റെയും യൂബിക്വിറ്റിൻ സിഗ്നലിംഗ് മേഖലയിലെ നിർണായക ഗവേഷണങ്ങൾക്ക്, യൂറോപ്യൻ മോളിക്യുലാർ ബയോളജി ലബോറട്ടറിയിലെ ഗ്രെനോബിൾ ഗ്രൂപ്പ് ലീഡറായ ഇന്ത്യൻ വംശജൻ ഡോ. സാഗർ ഭോഗരാജുവിന് അന്താരാഷ്‌ട്ര അംഗീകാരം. ഫോണ്ടേഷൻ ബെറ്റൻകോർട്ട് ഷൂളർ നൽകുന്ന ഇംപൾസയൻസ് ഗ്രാന്‍റിന് ഡോ. ഭോഗരാജു അർഹനായി. 2.3 ദശലക്ഷം യൂറോ (ഏകദേശം 20 കോടി രൂപ) വരുന്ന ഈ ഗ്രാന്‍റ്, അർബുദം പോലുള്ള രോഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പുതിയ കോശ സിഗ്നലിംഗ് സംവിധാനങ്ങൾ പഠിക്കാൻ ഡോ. ഭോഗരാജുവിനെയും സംഘത്തെയും സഹായിക്കും.
അക്കാദമിക് രംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങളാണ് ഡോ. സാഗർ ഭോഗരാജുവിന്‍റേത്. ഐഐടി കാൺപൂരിൽനിന്ന് മാസ്റ്റർ ഓഫ് ടെക്നോളജി ബിരുദം നേടി. തുടർന്ന്, ജർമനിയിലെ മ്യൂണിക്കിലെ പ്രശസ്തമായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോകെമിസ്ട്രിയിൽനിന്ന് സീലിയറി ട്രാഫിക്കിംഗ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി.
യൂബിക്വിറ്റിൻ സിഗ്നലിംഗിൽ കൂടുതൽ ഗവേഷണം നടത്താനായി ഫ്രാങ്ക്ഫർട്ടിലെ ഗോഥെ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം ചെയ്തു. ഈ വൈദഗ്ധ്യമാണ് അദ്ദേഹത്തെ 2018 മുതൽ യൂറോപ്യൻ മോളിക്യുലാർ ബയോളജി ലബോറട്ടറിയിൽ സ്വതന്ത്ര ഗ്രൂപ്പ് ലീഡറായി നിയമിക്കുന്നതിലേക്ക് നയിച്ചത്. ചങ്ങനാശേരി കൂനന്താനം കാലായിൽ ചെറിയാന്‍റെയും അന്നക്കുട്ടിയുടെയും മകളും സ്വിറ്റ്സർലൻഡിൽ റോഷിൽ ചീഫ് സൈന്‍റിസ്റ്റും യുനെസ്കോയുടെ ബെസ്റ്റ് സയന്‍റിസ്റ്റ് അവാർഡ് ജേതാവുമായ ഡോ. സിസി കാലയിലാണ് ഡോ. സാഗർ ഭോഗരാജുവിന്‍റെ ഭാര്യ.