കോലാപ്പുർ: മഹാരാഷ്ട്ര കോലാപ്പുരിലെ ഗോകുൽ മിൽക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നാലു നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നൽകിയ സർക്കാർ നടപടിക്കെതിരേ പ്രതിപക്ഷ നേതാക്കളുടെയും ക്ഷീരകർഷകരുടെയും വന്പൻ പ്രതിഷേധം.
കന്നുകാലികളുമായാണ് ക്ഷീരകർഷകർ പ്രതിഷേധിച്ചത്. കോൺഗ്രസ് എംഎൽസി സാതേജ് പാട്ടീൽ, എൻസിപി (എസ്പി) സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, കർഷക നേതാവ് രാജു ഷെട്ടി എന്നിവരാണ് പ്രതിഷേധത്തിനു നേതൃത്വം നൽകിയത്.
തെരഞ്ഞെടുപ്പിൽ തോറ്റ മഹായുതി അധികാരം പിടിക്കാൻ വളഞ്ഞവഴി സ്വീകരിക്കുകയാണെന്നു നേതാക്കൾ കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ പിന്തുണയറിയിച്ചു.
കോലാപുർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ഗോകുൽ) തെരഞ്ഞെടുപ്പിൽ സാതേജ് പാട്ടീൽ നയിച്ച രാജർഷി ഷാഹു ഷേത്കാരി സംവിചാരി അഗാഡി 25ൽ 13 സീറ്റ് നേടിയിരുന്നു. മഹായുതി പാനലിന് 12 സീറ്റാണു കിട്ടിയത്. തുടർന്നാണ് നാലു പേരെ നോമിനേറ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. 4000 കോടി വാർഷിക ടേണോവറുള്ള വന്പൻ സ്ഥാപനമാണ് ഗോകുൽ മിൽക്ക്.
ഗോകുൽ ഡയറി ബോർഡിൽ നാലു നോമിനേറ്റഡ് ഡയറക്ടർമാർക്ക് വോട്ടവകാശം നൽകിയതിനെതിരേ സമർപ്പിച്ച ഹർജിയിൽ അടിയന്തര ഇടപെടലിന് ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. അതേസമയം, ഇന്നു നടക്കുന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ നോമിനേറ്റഡ് അംഗങ്ങളുടെ വോട്ട് പ്രത്യേക ബാലറ്റ് പെട്ടിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടു.