തൃശൂർ: കേരള വിമണ്സ് ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്നു കൊട്ടിക്കലാശം. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ഫൈനലിൽ ഗോകുലം എഫ്സി, കൊച്ചി ലോഡ്സ് ഫുട്ബോൾ അക്കാഡമിയുമായി ഏറ്റുമുട്ടും.
ഫെബ്രുവരി 27ന് ആരംഭിച്ച ടൂർണമെന്റിന്റെ ലീഗ് ഘട്ടത്തിൽ എട്ട് ടീമുകൾ മാറ്റുരച്ചു. മികച്ച നാലു ടീമുകൾ സൂപ്പർ ഫോറിലേക്കു യോഗ്യത നേടി. സൂപ്പർ ഫോറിലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ തുല്യപോയിന്റ് നേടിയ ഗോകുലം എഫ്സി ഗോൾ ആവറേജിൽ ഒന്നാംസ്ഥാനത്തെത്തി. ലോഡ്സ് എഫ്എ കൊച്ചി രണ്ടാംസ്ഥാനക്കാരായും ഫൈനലിൽ കടന്നു.
ലീഗ് ഘട്ടത്തിൽ ഗോകുലത്തിനു മേൽക്കൈ ഉണ്ടായിരുന്നെങ്കിലും സൂപ്പർ ഫോറിൽ ലോഡ്സ് എഫ്എയുടെ ശക്തമായ തിരിച്ചുവരവായിരുന്നു. മികച്ച ഒത്തിണക്കവും ആക്രമണനിരയുടെ മികവും ലോഡ്സിനെ ഫൈനലിലേക്ക് എത്തിച്ചു. മറുവശത്ത്, സ്ഥിരതയാർന്ന പ്രകടനവും ശക്തമായ പ്രതിരോധവും ഗോകുലത്തിനു കരുത്തായി.
ഗോളടിയിൽ ലോഡ്സ് എഫ്എ കൊച്ചിയുടെ കണ്ണൂർ സ്പോർട്സ് ഡിവിഷൻ താരം നേഹ സജി ഏഴു ഗോളുകളുമായി ടോപ് സ്കോറർ പട്ടികയിൽ മുന്നിലാണ്.
ഗോകുലം എഫ്സിയുടെ വൈഷ്ണവി ധർമരാജും മസ്കാൻ സുബ്ബയും ആറു ഗോളുകൾ വീതം നേടി തൊട്ടുപിന്നിലുണ്ട്. ഫൈനലിൽ ഇവരുടെ പ്രകടനം നിർണായകമാകും. ലീഗിൽ ഇന്റർ കേരള എഫ്സിയെ 14-0 സ്കോറിന് ലോഡ്സ് തറപറ്റിച്ചതാണ് ടൂർണമെന്റിലെ ഏറ്റവും വലിയ വിജയം.
മലയാളിതാരങ്ങൾ മാത്രമുള്ള ലോഡ്സ് എഫ്എ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജുമായി കൈകോർത്താണ് ടീമിനെ ഇറക്കിയത്. ജയത്തിൽകുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഹെഡ് കോച്ചും മുൻ സന്തോഷ് ട്രോഫി താരവുമായ സോളി സേവ്യറും ടീം എംഡി ഡെറിക് ഡിക്കോത്തും പറഞ്ഞു. പ്രിയങ്ക പ്രശാന്ത് ഹെഡ് കോച്ചായ ഗോകുലം എഫ്സിയും തികഞ്ഞ കിരീടപ്രതീക്ഷയിലാണ്.