കൊച്ചി: തുടർച്ചയായ വിലയിടിവിനു പിന്നാലെ സ്വർണവിപണിയിൽ തിരിച്ചുകയറ്റത്തിന്റെ സൂചനകൾ പ്രകടമാകുന്നു. ഇന്നലെ രാവിലെ അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 3,520 ഡോളറിലേക്കു താഴ്ന്ന സ്വർണവില 50 ഡോളറിലധികം ഉയർന്ന് നിലവിൽ 3,575 ഡോളറിലാണു വ്യാപാരം നടക്കുന്നത്.
അതേസമയം ഇന്നലെ രാവിലെ അന്താരാഷ്ട്ര വില ട്രോയ്ഔൺസിന് 3,530 ഡോളറിലേക്കു താഴ്ന്നതോടെ കേരളത്തിലും വൻ വിലയിടിവാണു രേഖപ്പെടുത്തിയത്. ഗ്രാമിന് 11,510 രൂപയും പവന് 92,080 രൂപയുമായിട്ടാണ് വില്പന നടന്നത്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 175 രൂപയായി.
വില വലിയതോതിൽ താഴ്ന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണത്തിലേക്കു തിരിയുന്നതായാണ് വിപണിയിൽനിന്നുള്ള സൂചനകൾ. കുറഞ്ഞ വിലയിൽ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തി നിക്ഷേപകർ വാങ്ങൽ ആരംഭിച്ചാൽ സ്വർണവിലയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കാം.
പ്രത്യേകിച്ചു വലിയ നിക്ഷേപകരുടെ വാങ്ങൽ താത്പര്യം ശക്തമാകുന്നത് വിലയുടെ തിരിച്ചുകയറ്റത്തിന് വഴിയൊരുക്കുന്ന ഘടകമാണ്. അതിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 81 ഡോളറിലും ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് 92.56 നിലവാരത്തിലുമാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഡോളറിന്റെ ചലനങ്ങളും ക്രൂഡ് ഓയിൽ വിലയും തുടർന്നുള്ള സ്വർണവിലയുടെ ഗതിയെ സ്വാധീനിക്കും.
തുടർച്ചയായ വിലയിടിവു മാത്രം മുൻനിർത്തി സ്വർണവിപണിയെ വിലയിരുത്തേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. ഏറ്റവും താഴ്ന്ന നിലവാരത്തിൽനിന്നുള്ള തിരിച്ചുകയറ്റവും പുതിയ വാങ്ങൽ താത്പര്യവും വിപണിയുടെ ദിശയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്.
വിപണിയിലെ ചലനങ്ങൾ സ്വർണത്തിന് അനുകൂലമാണ്. എന്നാൽ ഈ തിരിച്ചുകയറ്റം സ്ഥിരമായ മുന്നേറ്റമായി മാറുമോ എന്നത് തുടർന്നുള്ള വാങ്ങൽതാത്പര്യത്തെയും ആഗോള സാമ്പത്തിക സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസർ പറഞ്ഞു.