കോഴിക്കോട്: പ്രതിസന്ധികളെ ഓരോ ചുവടിലും അളന്നു പിന്തള്ളി കെ. ശിഖ കയറിയതു വിജയത്തിന്റെ നെറുകയിലേക്ക്. നടത്തമത്സരത്തില്‍ ജില്ലയില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം. ഇപ്പോൾ, സംസ്ഥാന സ്കൂള്‍ കായികമേളയിലും പൊന്‍തിളക്കം.
ശിഖയുടെ ഓരോ ചുവടിലും തെളിയുന്നത് ഒരു സ്വപ്നത്തിന്റെ വേഗം മാത്രമല്ല, പ്രതിസന്ധികള്‍ക്കു മുന്നില്‍ തോറ്റുകൊടുക്കാത്ത ജീവിതത്തിന്റെ കരുത്തുകൂടിയാണ്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ ആലത്തിയൂര്‍ കെഎഎച്ച്എംഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശിഖ 15 മിനിറ്റ് ഏഴ് സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. ജില്ലയില്‍ ശിഖ സ്ഥാപിച്ച റിക്കാര്ഡിനെയും മറികടന്നു.
വീടെന്ന സ്വപ്നം നടന്നെടുത്തതാണ് ശിഖ. രണ്ടുവര്‍ഷമായി തറയില്‍ ഒതുങ്ങുകയായിരുന്നു ശിഖയുടെ വീടെന്ന സ്വപ്നം. കഴിഞ്ഞ ഏഴുവര്‍ഷമായി ഷീറ്റുകൊണ്ട് മറച്ച വീട്ടിലാണ് ശിഖയും കുടുംബവും താമസിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ മേല്‍ക്കൂര, ഭിത്തിക്ക് പകരം ഷീറ്റുകള്‍ ഉപയോഗിച്ചുള്ള മറ. തിരൂര്‍ മംഗലത്തെ ശിഖയുടെ വീടിന്റെ അവസ്ഥ ഇതായിരുന്നു. പുതിയ വീടുപണിയാന്‍ തറ കെട്ടിയിട്ടും വീട് പണിയുമായി മുന്നോട്ടു പോകാന്‍ സാധിച്ചിട്ടില്ല. ഇതിനിടെയാണ് ജില്ലാ സ്കൂള്‍ കായികമേളയില്‍ ശിഖ നേടിയ റിക്കാര്‍ഡ്, വീടെന്ന സ്വപ്നത്തിലേക്കു വഴിതെളിച്ചത്.
തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിലെ എസ്. ആദിത്യ 2013ല്‍ കുറിച്ച മീറ്റ് റിക്കാര്‍ഡാണ് (17 മിനിറ്റ് ആറ് സെക്കന്‍ഡ്) ആണ് ശിഖ (15 മിനിറ്റ് 13 സെക്കന്‍ഡ്) മറികടന്നത്. ജില്ലയില്‍ മീറ്റ് റിക്കാര്‍ഡ് നേടിയപ്പോള്‍ ആര്‍ക്കിടെക്ട് കെ.വി. മുരളീധര്‍ വീട് നിര്‍മാണത്തിനുള്ള സഹായം വാഗ്ദാനം ചെയ്തു, പണി തുടങ്ങി. വീട് നിര്‍മാണം പൂര്‍ത്തിയായി വരുന്നതിനിടെയാണ് മറ്റൊരു മധുരവിജയം കൂടി വന്നത്. കല്പണിക്കാരനാണ് പിതാവ് ശ്രീനിവാസന്. അമ്മ രജിമോള്. ശ്രീദര്‍ശ് സഹോദരനാണ്. കഴിഞ്ഞ വർഷം വെള്ളി നേടിയിരുന്നു. റിയാസ് ആലത്തിയൂരാണ് പരിശീലകന്.