മുംബൈ: ഇന്ത്യയുടെ ആദിത്യ പട്നായിക്കിന് റേസിംഗില്‍ കന്നി രാജ്യാന്തര ജയം.
മലേഷ്യയിലെ സെപാംഗ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഗോള്‍ഡ് വിയോസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ സ്പോര്‍ട്ടിംഗ് ക്ലാസ് വിഭാഗത്തിലാണ് മുംബൈ സ്വദേശിയായ ഈ ഇരുപതുകാരന് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. 15,000 മലേഷ്യന്‍ റിംഗിറ്റ് (35 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിച്ചു.
കന്നി അന്താരാഷ്ട്ര കാര്‍ റേസിംഗ് സീസണില്‍തന്നെ മികച്ച പ്രകടനമാണ് ആദിത്യ നടത്തുന്നത്. എഫ്വണ് മുന്‍ ഡ്രൈവര്‍ അലക്സ് യംഗിന്റെ ടീം ആക്സല്‍ സ്പോര്‍ട്സിനുവേണ്ടിയാണ് റയോ റേസിംഗിന്റെ ആദിത്യ മത്സരരംഗത്തിറങ്ങിയത്.
ചാമ്പ്യന്‍ഷിപ്പില്‍ ഒരു റൗണ്ട് മാത്രം ശേഷിക്കെ 88 പോയിന്റോടെ നിലവില്‍ മൂന്നാം സ്ഥാനത്താണ് താരം. 2023ലെ എഫ്എംഎസ് സിഐ നാഷണല്‍ കാര്‍ട്ടിംഗ് ചാമ്പ്യനായ ആദിത്യ, കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ കൈക്ക് പരിക്കേറ്റ് മാസങ്ങളോളം വിശ്രമത്തിലായിരുന്നു.