കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഗോൾഫ് വ്യൂ ക്ലബ്ബ് അടുത്തിടെ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ വൈകാരികമായ ഒത്തുചേരലിനാണ്.
മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്തും ലോകകപ്പ് ഹീറോ യുവരാജ് സിംഗും തമ്മിലുള്ള ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
യുവരാജിനെ കണ്ടയുടൻ ശ്രീശാന്ത് ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് വന്ദിച്ചതാണ് കായിക പ്രേമികളുടെ മനസ് കവരുന്നത്. "യുവീ ഭായ്, അങ്ങയുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നു" എന്ന് പറഞ്ഞുകൊണ്ട് തന്റെ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ച ശ്രീശാന്ത്, യുവരാജിന് മികച്ചൊരു ഗോൾഫ് സെഷൻ ആശംസിക്കുകയും ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിൽ ഒന്നിച്ച് കളിച്ചവരാണ് ഇരുവരും. 2007-ലെ ടി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടം ചൂടിയപ്പോൾ ടീമിന്റെ അഭിഭാജ്യ ഘടകമായിരുന്നു ഈ താരങ്ങൾ. ഐപിഎല്ലിന്റെ ആദ്യ സീസണുകളിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടി ഇരുവരും കളത്തിലിറങ്ങിയിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തിൽ യുവരാജ് തനിക്ക് നൽകിയ വലിയ പിന്തുണയെക്കുറിച്ച് ശ്രീശാന്ത് മുൻപ് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. 2008-ലെ വിവാദപരമായ 'സ്ലാപ്ഗേറ്റ്' സംഭവ സമയത്ത് ടീം നായകനായിരുന്ന യുവരാജ് ശ്രീശാന്തിന് നൽകിയ പിന്തുണയും ക്രിക്കറ്റ് ലോകം മറന്നിട്ടില്ല.
വിരമിക്കലിന് ശേഷം ഗോൾഫ് കായികയിനത്തിൽ സജീവമായ യുവരാജ് സിംഗ് അത് പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാറുണ്ട്. കൊച്ചിയിലെ ഗോൾഫ് മൈതാനത്തെ സൗകര്യങ്ങളെ പ്രശംസിച്ച ശ്രീശാന്ത്, കൂടുതൽ യുവാക്കൾ ഈ കായിക വിനോദത്തിലേക്ക് കടന്നുവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.