ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി സിനിമ ഗൊന്ധൽ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.
മികച്ച രാജ്യാന്തരചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. മലയാളത്തിൽനിന്ന് ചിദംബരം സംവിധാനം ചെയ്ത ബാലൻ: ദ ബോയ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടില്ല.
ഹിന്ദിയിൽ നിന്ന് 14 ചിത്രങ്ങളും മറാഠി, തെലുങ്ക്, ഗുജറാത്തി ഭാഷകളിൽ നിന്ന് നാലു വീതവും തമിഴിൽ നിന്ന് മൂന്നും മലയാളം, നാഗാമിസ് ഭാഷകളിൽ നിന്ന് ഓരോ ചിത്രങ്ങളും അടക്കം 33 ചിത്രങ്ങളിൽ നിന്നാണ് 'ഗൊന്ധൽ' തിരഞ്ഞെടുത്തത്.
അവസാന മൂന്നിൽ പരിഗണിക്കപ്പെട്ട 'അംഗ്', 'ഇക്കിസ്' എന്നീ ചിത്രങ്ങളെ മറികടന്നാണ് 'ഗൊന്ധൽ' ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായത്. കഴിഞ്ഞ വർഷം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം ഗൊന്ധലിന്റെ സംവിധായ കൻ സന്തോഷ് ദവകറാണ് നേടിയത്. 99-ാമത് ഓസ്കർ പുരസ്കാര ചടങ്ങ് അടുത്ത മാർച്ച് 14ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിൽ നടക്കും.