ബാസ്കറ്റ്ബോളില്‍ എകെഎമ്മിനും കെഇ സ്കൂളിനും കിരീടം
ചങ്ങനാശേരി: തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍ സംഘടിപ്പിച്ച അസ്റ്റോറിയ 2കെ26 ഇന്റര്‍-സ്കൂള്‍ കള്‍ച്ചറല്‍ ആന്‍ഡ് ബാസ്കറ്റ്ബോള്‍ ഫെസ്റ്റ് സമാപിച്ചു. സ്കൂള്‍ സ്റ്റുഡന്റ് കൗണ്‍സിലിന്റെയും പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഒരുക്കിയ കള്‍ച്ചറല്‍ ഫെസ്റ്റില്‍ കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് ട്രോഫി സ്വന്തമാക്കി. ചങ്ങനാശേരി മേരിറാണി പബ്ലിക് സ്കൂൾ റണ്ണറപ്പായി. ഇന്ത്യന്‍ ഫ്രീസ്റ്റൈല്‍ ഫുട്ബോളര് ജാസിം അഹമ്മദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചങ്ങനാശേരി എകെഎം പബ്ലിക് സ്കൂള്‍ ജേതാക്കളായി. കിളിമല സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്കൂള്‍ റണ്ണേഴ്സപ്പായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കിരീടം ചൂടി. കോട്ടയം എസ്എച്ച് മൗണ്ടിനാണ് രണ്ടാം സ്ഥാനം.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി മാന്നാനം കെഇ സ്കൂളിലെ നഷ്വ ഫാത്തിമയും ടോപ് സ്കോററായി എസ്എച്ച് മൗണ്ടിലെ അലോണ മരിയ ഫ്രാന്‍സിസും തെരഞ്ഞെടുക്കപ്പെട്ടു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എകെഎം പബ്ലിക് സ്കൂളിലെ കൗശിക് മികച്ച കളിക്കാരനായും കിളിമല സേക്രഡ് ഹാര്‍ട്ടിലെ ജെറി അല്‍ഫോണ്‍സ് ടോപ് സ്കോററായും പുരസ്കാരം നേടി.
സമാപന സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ജോണ്സണ് ഏബ്രഹാം, ട്രഷറര്‍ പ്രിയ കെ. ഏബ്രഹാം, അസിസ്റ്റന്റ് മാനേജര്‍ തമ്പി കുര്യന്, പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ്, വൈസ് പ്രിന്‍സിപ്പല്‍ സോണി ജോസ് എന്നിവര്‍ ചേര്‍ന്നു വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.