കോതനല്ലൂര്‍: സഹജീവികളെ ചേര്‍ത്തുപിടിക്കുന്ന മനുഷ്യനന്മകളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ചീഫ് വീപ്പ് അപു ജോണ്‍ ജോസഫ്.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം പദ്ധതിപ്രകാരമുള്ള 69-ാം സ്നേഹവീടിന്റെ ശിലാസ്ഥാപനം മാഞ്ഞൂര്‍ പഞ്ചായത്തിലെ കോതനല്ലൂരില്‍ നിര്‍വഹിക്കുകയായിരുന്നു ചീഫ് വീപ്പ്.
മാഞ്ഞൂര്‍ സ്നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യസ്നേഹവീടാണിത്. കിടങ്ങൂര്‍ സ്വദേശിയായ അമേരിക്കന്‍ മലയാളി സൈമണ്‍ കോട്ടൂരാണ് സ്നേഹവീടിന്റെ നിര്‍മാണത്തിനുള്ള നാലു ലക്ഷം രൂപ നല്‍കുന്നത്.
ആവേ മരിയ ബസ് കൂട്ടായ്മയാണ് വീടിന്റെ തറയുടെ നിര്‍മാണം നടത്തുന്നത്. യോഗത്തില്‍ മാഞ്ഞൂര്‍ സ്നേഹദീപം പ്രസിഡന്റ് ബാബു തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു.
ജോസ്മോന് മുണ്ടയ്ക്കല്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, പഞ്ചായത്ത് മെംബർമാരായ സി.എം. ജോര്‍ജ്, ഡെസിലി ജോര്‍ജ്, ലിസി ജോര്‍ജുകുട്ടി, മാത്യൂസ് കെ. മാത്യൂസ്, ജോസി മാത്യു, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജെയ്സണ്‍ ജോര്‍ജ്, തോമസ് ജെ. കാളാരത്തില്, ഡെന്നി പള്ളിക്കാപറമ്പില്‍, ഷൈജു പുളിയോരത്തേല്, ജോസഫ് പാളിയില്‍, ജോയി വെള്ളാമറ്റം എന്നിവര്‍ പ്രസംഗിച്ചു.