ചെന്നൈ: കൈക്കൂലി വാങ്ങിയതിനും ഗുരുതരമായ കൃത്യവിലോപത്തിനും തമിഴ്നാട്ടിൽ അഞ്ച് പൊലിസുകാർക്കെതിരെ കർശന വകുപ്പുതല നടപടി. സസ്പെൻഷൻ മുതൽ സർവീസിൽനിന്നുള്ള പിരിച്ചുവിടൽ വരെയുള്ള ശിക്ഷാ നടപടികളാണ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകളിലൂടെയും അല്ലാതെയും കൈക്കൂലി വാങ്ങിയെന്ന് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.
തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിൽ വാഹന പരിശോധനയ്ക്കിടെ ഗൂഗിൾ പേ വഴി കൈക്കൂലി ആവശ്യപ്പെട്ട സംഭവങ്ങളാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വന്നത്. തിരുനെൽവേലി സിറ്റി മേലപാളയം പൊലിസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സോർണ രാജ്, ഇരുചക്ര വാഹന യാത്രക്കാരനിൽ നിന്ന് ഗൂഗിൾ പേ വഴി 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സസ്പെൻഷനിലായത്.
ചെന്നൈയിൽ സമാനമായ രീതിയിൽ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് ബീച്ച് പൊലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശിവരാജ്, കോൺസ്റ്റബിൾ വിവേക് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാധവരം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരെയും സമാനമായ പരാതിയിൽ നടപടിയെടുത്തിട്ടുണ്ട്.
അതേസമയം, പുഴൽ പൊലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരീശ്വരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടുകൊണ്ട് ഏറ്റവും കർശനമായ നടപടിയാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. 2024-ൽ അണ്ണാനഗർ പൊലിസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ഇയാൾക്കെതിരെ ഗുരുതരമായ അഴിമതി ആരോപണം ഉയർന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചത്.