കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു പ്രതികള്‍ കൂടി സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുമാണ് ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍നിന്നു സ്വാഭാവിക ജാമ്യം നേടി ജയിലിനു പുറത്തിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്നത്. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ഇതോടെ 12 പ്രതികളുള്ള സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതോടെ പത്തു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ എന്നിവര്‍ക്കു സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്കു സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്. ഇനി ജാമ്യം ലഭിക്കേണ്ടതു മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനും കെ.പി. ശങ്കരദാസിനുമാണ്.
അടുത്ത ആഴ്ചയോടെ റിമാന്‍ഡില്‍ വിജയകുമാര്‍ 90 ദിവസം പൂര്‍ത്തിയാക്കും. ഇതോടെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങാൻ സാധ്യതയേറി. അതിനിടെ പ്രതികള്‍ ഓരോരുത്തരായി പുറത്തുവരുന്നതു പ്രത്യേക അന്വേഷണ സംഘത്തിനു വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
അന്വേഷണത്തെ ബാധിക്കുമെന്ന നിലപാട് എസ്ഐടി വ്യക്തമാക്കുമ്പോഴും പ്രാഥമിക കുറ്റപത്രം പോലും കേടതിയില്‍ നല്‍കിയിട്ടില്ല. ഈ മാസം 31നകം കുറ്റമറ്റ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് എസ്ഐടിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.