തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോഴേക്കും സർക്കാരിന്റെ യഥാർഥ ദിശ വ്യക്തമായെന്നും ടീം യുഡിഎഫ് ഒരു ടീം അല്ലാതായി വിഘടിത സംഘമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി.
തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും പിണറായി ആരോപിച്ചു. മുഖ്യമന്ത്രി സ്വന്തം പാർട്ടിയെപ്പോലും വിശ്വാസത്തിലെടുക്കുന്നില്ല. സ്വന്തം പാർട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് എൽഡിഎഫിനെ കുറ്റപ്പെടുത്തുന്നത്. കെപിസിസി പ്രസിഡന്റായ മന്ത്രിയോട് പോലും ചർച്ച ചെയ്യുന്നില്ല. ഇത്തരമൊരു സാഹചര്യം ഒരു മന്ത്രിസഭയ്ക്കും അഭിലഷണീയമല്ലെന്നും പിണറായി പറഞ്ഞു.
യുഡിഎഫ് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്ന നിലപാടാണ് ഇപ്പോൾ കാണുന്നത്. പൊള്ളയായ വാഗ്ദാനങ്ങളാണ് നൽകിയതെന്ന് ആറുമാസം കൊണ്ട് വ്യക്തമായി. കുത്തകദാസ്യം നന്നായി നിർവഹിക്കുന്ന സർക്കാരായി യുഡിഎഫ് മാറിയെന്നും പിണറായി ആരോപിച്ചു. സർക്കാരിനോട് ബിജെപിക്ക് നല്ല മതിപ്പും പിന്തുണയുമാണുള്ളത്.
തങ്ങളുടേതായ ഒരു സർക്കാരെന്ന നിലയിലാണ് ബിജെപി യുഡിഎഫ് സർക്കാരിനെ കാണുന്നത്. സംഘപരിവാർ പ്രീണനവും പൊലിസ് രാജുമാണ് സർക്കാരിന്റെ മറ്റൊരു മുഖമെന്നും പിണറായി കൂട്ടിച്ചേർത്തു.