രാജസ്ഥാനിലെ ചൂരു ജില്ലയിലുള്ള സുജാൻഗഢിൽ സർക്കാർ ആശുപത്രിയുടെ മേൽക്കൂര തകർന്നു വീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഫത്തേപ്പൂരിയ ഗവൺമെന്റ് ആശുപത്രിയുടെ പ്രധാന കവാടത്തിന് മുകളിലെ ബാൽക്കണിയിൽ നിന്നുള്ള പ്ലാസ്റ്റർ പെട്ടെന്ന് അടർന്നുവീഴുകയായിരുന്നു.
കവാടത്തിന് താഴെ നിൽക്കുകയായിരുന്ന ആളുകളുടെ മുകളിലേക്കാണ് കോൺക്രീറ്റ് അവശിഷ്ടങ്ങൾ പതിച്ചത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഉടൻ തന്നെ പരിക്കേറ്റ സ്ത്രീയെ സമീപത്തെ ബഗേഡിയ സബ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മറ്റാർക്കും വലിയ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ പഴയ ട്രോമാ സെന്റർ സമുച്ചയത്തിലാണ് ഈ മാതൃ-ശിശു ആശുപത്രി താൽക്കാലികമായി പ്രവർത്തിച്ചു വരുന്നത്.
കെട്ടിടത്തിന്റെ ദ്രവിച്ച അവസ്ഥയെക്കുറിച്ച് പരാതികൾ നിലനിൽക്കെ ഉണ്ടായ ഈ അപകടം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളുടെ സുരക്ഷയും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതിലെ വീഴ്ചയും വീണ്ടും ചർച്ചയായിരിക്കുകയാണ്.