കൊച്ചി: ജനങ്ങളുടെ പ്രതിഷേധം കാരണം തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ തുടങ്ങാനാകില്ലെന്ന നിലപാട് അനുവദിക്കാനാകില്ലെന്നും പ്രതിഷേധങ്ങള്‍ പരിഹരിച്ച് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി.
ഷെല്‍ട്ടറുകള്‍ ഒരുക്കാന്‍ സ്ഥലപരിമിതിയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ മറ്റ് ഒന്നോ രണ്ടോ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുവായ ഷെല്‍ട്ടറുകള്‍ നിര്‍മിക്കണമെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
തെരുവുനായ നിയന്ത്രണം സംബന്ധിച്ച സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താന്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണു കോടതിയുടെ നിരീക്ഷണം. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് അലംഭാവം പാടില്ല.
വീഴ്ച വരുത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കോടതിയലക്ഷ്യ പരിധിയില്‍ വരും. പൊതുസ്ഥാപന പരിസരങ്ങളില്‍നിന്നു പിടികൂടി വന്ധ്യംകരണത്തിന് (എബിസി) വിധേയമാക്കുന്ന നായ്ക്കളെ തിരികെ വിടാതെ ഷെല്ട്ടറുകളില്ത്തന്നെ പാര്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വന്ധ്യംകരണത്തിനുശേഷം ഇവയെ അനുയോജ്യമായ സ്ഥലങ്ങളില്‍ തുറന്നുവിടണം. അതേ സ്ഥലത്തുതന്നെ തുറന്നുവിടുന്നതാണ് സുപ്രീംകോടതി വിലക്കിയിട്ടുള്ളതെന്നും ഹൈക്കോടതി വ്യക്തത വരുത്തി.
കൊച്ചി നഗരപരിധിയില്‍ വന്ധ്യംകരണം നടത്താന്‍ പിടികൂടിയ നായ്ക്കളുടെ എണ്ണവും അവയെ എവിടെയാണു തുറന്നുവിട്ടതെന്നും വിശദീകരിച്ച് കോര്പറേഷന് സത്യവാങ്മൂലം സമര്‍പ്പിക്കും. തിരുവനന്തപുരം കോര്‍പറേഷനും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
വന്ധ്യംകരണം നടത്തുന്നവരുടെ യോഗ്യതയും പിന്തുടരുന്ന രീതിയും വ്യക്തമാക്കണം. കേസില്‍ കോടതിയെ സഹായിക്കുന്നതിനായി അഡ്വ. ശ്രുതി എന്‍. ഭട്ട്, അഡ്വ. പൂജ ഓമനക്കുട്ടന് എന്നിവരെ അമിക്കസ് ക്യൂറിമാരായി നിയമിച്ചു.