തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂർ നിർദേശം നൽകി. ലോക്ഭവനിലെ ജീവനക്കാരും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്നും നിർദേശമുണ്ട്.
വെള്ളിയാഴ്ച ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗനിർദ്ദേശങ്ങളിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഗവർണ്ണറായിരുന്ന രാജേന്ദ്ര ആർലേക്കറുടെ കാലത്ത് ലോക്ഭവനിൽ മത്സ്യ വിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. അതിഥികളും ജീവനക്കാരും നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹത്തിന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഇതിൽ നിന്നാണ് പുതിയ ഗവർണ്ണറുടെ വരവോടെ പൂർണമായും വെജിറ്റേറിയൻ രീതിയിലേക്ക് ക്രമീകരണങ്ങൾ മാറുന്നത്.
സ്ഥാനമൊഴിയുന്ന ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണറായി ചുമതലയേൽക്കും. കേരള ഗവർണറായിരിക്കെത്തന്നെ തമിഴ്നാടിന്റെ അധിക ചുമതലയും ആർലേക്കർ വഹിച്ചുവരികയായിരുന്നു. കൂടാതെ, സുധ യാദവിനെ കർണാടക ഗവർണറായും നിയമിച്ചിട്ടുണ്ട്.