സ്റ്റാംഫോർഡ് (കണക്റ്റിക്കട്ട്): യുഎസ്എയിലെയും കാനഡയിലെയും പന്ത്രണ്ടാമത് സീറോമലങ്കര കത്തോലിക്ക ഫാമിലി കൺവൻഷന് ആവേശത്തോടും ആഴമേറിയ ആത്മീയ ചൈതന്യത്തോടും കൂടി ഡബിൾട്രീ ബൈ ഹിൽട്ടൺ ഹോട്ടലിൽ തുടക്കമായി.
വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും സഭാ പിതാക്കന്മാരും വിശ്വാസികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് സംഗമത്തിൽ ദൃശ്യമായത്. “പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുക” (യോഹന്നാൻ 4:23) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കൺവൻഷൻ ഉദ്ഘാടന സമ്മേളനത്തോടെയാണ് ആരംഭിച്ചത്.
സെന്റ് മേരി ക്വീൻ ഓഫ് പീസ് ഭദ്രാസന അധ്യക്ഷൻഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിച്ചു. വടക്കേ അമേരിക്കയിലെ സഭയുടെ ചരിത്രപരമായ വളർച്ചയെ സ്മരിച്ച അദ്ദേഹം, ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് സഭയുടെ യഥാർഥ ശക്തിയെന്ന് ഓർമ്മിപ്പിച്ചു.
തടസങ്ങൾ കാരണം മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് എത്താൻ സാധിക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബത്തേരി ഭദ്രാസനാധ്യക്ഷൻ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തു.