കൊച്ചി: ജനിതക രോഗം ബാധിച്ച ഗര്‍ഭസ്ഥശിശുവിനെ അലസിപ്പിക്കാതെ ജനനശേഷം ശിശുക്ഷേമ സമിതിക്കു കൈമാറാന്‍ ഹൈക്കോടതിയുടെ അനുമതി.
ജനിക്കാനിരിക്കുന്ന കുഞ്ഞിന് ജനിതക വൈകല്യമുണ്ടെന്ന് സ്കാനിംഗില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ദമ്പതികളുടെ ഹര്‍ജിയിലാണ് ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്.
അസ്ഥിവളര്ച്ചയുമായി ബന്ധപ്പെട്ട സ്കെലിറ്റല്‍ ഡിസ്പ്ലാസിയ എന്ന രോഗം ബാധിച്ചതിനാല്‍ 33 ആഴ്ചയായ ഗര്‍ഭസ്ഥശിശുവിനെ ഗര്‍ഭഛിദ്രം നടത്തണമെന്നായിരുന്നു ആവശ്യം.
ഗര്‍ഭഛിദ്രത്തിന്റെ ആവശ്യമില്ലെന്ന റിപ്പോര്‍ട്ടാണു കോടതി നിര്‍ദേശിച്ച മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ചത്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ തയാറായില്ലെങ്കില്‍ കുട്ടിയെ ശിശുക്ഷേമസമിതിക്കു കൈമാറാമെന്ന നിര്‍ദേശവും ബോര്‍ഡ് മുന്നോട്ടുവച്ചിരുന്നു.
എങ്കില്‍ പ്രസവത്തിനുശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറാന്‍ അനുവദിക്കണമെന്ന ആവശ്യം മാതാപിതാക്കള്‍ ഉന്നയിച്ചു. ഇതു പരിഗണിച്ചാണ് കോടതി അനുമതി നല്‍കിയത്.