പ്രമാടം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ ഹരിത യോഗ. സ്കൂളിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗ്രീൻ യോഗ എന്ന പേരിൽ പ്രകൃതിയോട് ഇണങ്ങിനിന്നുകൊണ്ടുള്ള വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.
പ്രകൃതി ഭംഗി തുളുമ്പുന്ന സ്കൂൾ മുറ്റത്ത് ഒത്തുകൂടിയ വിദ്യാർഥികൾക്കായി മാനസിക ഉല്ലാസവും ഏകാഗ്രതയും വർധിപ്പിക്കുന്ന എക്കോ മെഡിറ്റേഷൻ, പ്രകൃതിരൂപങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള നേച്ചർ ഇൻസ്പേർഡ് ആസനങ്ങൾ എന്നിവ പരിശീലിപ്പിച്ചു. പാദരക്ഷകൾ ഇല്ലാതെ മണ്ണറിഞ്ഞ് നടക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന ബെയർഫൂട്ട് വോക്കിംഗ് പരിപാടിയും ഇതിന്റെ ഭാഗമായി നടന്നു.
വ്യത്യസ്തമായ യോഗാഭ്യാസ പ്രോഗ്രാമുകൾക്ക് പുറമേ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന പ്രകൃതിസംരക്ഷണ പ്രതിജ്ഞയിലും കുട്ടികൾ പങ്കാളികളായി.സ്കൂൾ പ്രിൻസിപ്പാൾ ബി. ആശ, ഭൂമിത്രസേന ക്ലബ് കോ ഓർഡിനേറ്റർ ടി.ആർ. ഗീതു തുടങ്ങിയവർ നേതൃത്വം നൽകി.
യോഗദിനാചരണം
പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ അന്തർദേശീയ യോഗദിനത്തോടനുബന്ധിച്ചുനടന്ന യോഗ പ്രദർശനവും സെമിനാറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രിൻസിപ്പാൾ ഹേമ മേരി മാത്യു അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് ഷീജ കെ. ബേബി, പിടിഎ പ്രസിഡന്റ് ജോൺപോൾ ജോർജ്, ബിനു രാജ്, പോൾമാത്യു എന്നിവർ പ്രസംഗിച്ചു.
കോന്നി: ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മെംബർ റോബിൻ മോൻസി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ മുഖ്യപ്രഭാഷണം നടത്തി. സുലേഖ വി.നായർ, പ്രിയ എസ്. തമ്പി, എൻ. ഉണ്ണികൃഷ്ണൻ, എസ്. ഷാജി എന്നിവർ പ്രസംഗിച്ചു. ആയുഷ് ജില്ലാ ഇൻസ്ട്രക്ടർ ഡോ. രാജ്കുമാരി ഹെലൻ കൃഷ്ണ ക്ലാസ് നയിച്ചു.
മല്ലപ്പള്ളി: നിർമൽ ജ്യോതി പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തോടൊപ്പം ലഹരി വിരുദ്ധ സെമിനാറും നടത്തി . നിർമൽ ജ്യോതി ഗ്രൂപ്പ് ചെയർമാൻ ഡോ. ഗോപാൽ കെ. നായർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ നിർമലാ ദേവി, പ്രിൻസിപ്പാൾ ബി. ജയകുമാർ, വൈസ് പ്രിൻസിപ്പാൾ ജി. ആശാ ബിന്ദുമോൾ, ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.
മല്ലപ്പള്ളി:നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ് ആയുഷ്ഗ്രാം മല്ലപ്പള്ളി ബ്ലോക്ക് പദ്ധതിയുടെ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം തുരുത്തിക്കാട് ബിഎഎം കോളജ് എൻഎസ്എസ്, എൻസിസി യൂണിറ്റുമായി ചേർന്ന് സംഘടിപ്പിച്ചു. ബിഎഎം കോളജിൽ നടന്ന യോഗത്തിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡിഎംഒ ഡോ.ജെ. മിനി മുഖ്യപ്രഭാഷണം നടത്തി. ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. അഖില വിവിധ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ആയുഷ്ഗ്രാം യോഗ ഡെമോൺസ്ട്രേറ്റർ ഡോ. അൻസ എസ്. മാത്യു യോഗ പരിശീലനത്തിനു നേതൃത്വം നൽകി.
ഓമല്ലൂർ: അന്തര്‍ദേശീയ യോഗദിനാചരണത്തിന്റെ ഭാഗമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂളില്‍ സ്കൗട്ട്, ഗൈഡ്സ്, ജൂണിയര്‍ റെഡ്ക്രോസ്, ലിറ്റില്‍ കൈറ്റ്സ് ക്ലബുകളുടെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. കെ.സി. വിജയമോഹനന്‍ ക്ലാസുകള്‍ നയിച്ചു. ഹെഡ്മാസ്റ്റര് ഫിബി അഗസ്റ്റസ് മാത്യു, അധ്യാപകരായ എസ്. അനന്ദു, ഫ്ളാബി തോമസ്, ജോനം ബാബു, പി. സുമില എന്നിവര്‍ നേതൃത്വം നല്കി.