കണ്ണൂർ: പച്ചത്തേങ്ങ വില സർവകാല റിക്കാർഡിൽനിന്നു കുത്തനെ താഴേക്ക്. 2025 മേയ് മാസത്തിൽ കിലോയ്ക്ക് 85 രൂപയുണ്ടായിരുന്ന തേങ്ങയുടെ വിലയാണ് 45ലേക്കു കൂപ്പുകുത്തിയത്. വില ഇനിയും താഴുമെന്നാണു വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ 40 രൂപയോളം തേങ്ങയുടെ വിലയിടിഞ്ഞു.
ശ്രീലങ്കയിലും തമിഴ്നാട്ടിലും തേങ്ങ ഉത്പാദനം കൂടിയതാണ് വിലയിടിവിനു കാരണമെന്നും പറയുന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസത്തിലാണ് തേങ്ങയുടെ ഉത്പാദനം കൂടുതലായും നടക്കുന്നത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലേക്കുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി നിലച്ചതും വിലയിടിവിനു കാരണമാകുന്നുണ്ട്. പച്ചത്തേങ്ങ പൊടിയാക്കി ഗൾഫിലേക്കു കയറ്റുമതി ചെയ്തിരുന്നു.
എന്നാൽ, ഗൾഫിൽ യുദ്ധം കാരണം അങ്ങോട്ടേക്കുള്ള കയറ്റുമതി നിലച്ചതിനാൽ കമ്പനികൾ തേങ്ങ വാങ്ങുന്നതു നിർത്തിയതും തിരിച്ചടിയായി. കൊപ്ര കിലോയ്ക്ക് 140 രൂപയായും വെളിച്ചെണ്ണ ലിറ്ററിന് 260 രൂപയായും വില കുറഞ്ഞിട്ടുണ്ട്.
നേരത്തേ വിലയിടിവുണ്ടാകുമ്പോൾ കേരഫെഡ് മുഖേന കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നു. അങ്ങനെ വില പിടിച്ചുനിർത്താൻ സാധിച്ചിരുന്നു. എന്നാൽ, കേരഫെഡിന്റെ സംഭരണ കേന്ദ്രങ്ങൾ ഇപ്പോൾ നാമമാത്രമാണ്. സംഭരണ കേന്ദ്രങ്ങൾ കൂടുതൽ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.