കല്‍പ്പറ്റ: യുവാവിനെ സംഘംചേര്‍ന്ന് ഒരേ രാത്രി രണ്ടുതവണ ആക്രമിച്ച സംഭവത്തില്‍ പൊലിസ് നടപടി കാര്യക്ഷമമല്ലെന്ന് ആരോപണം.
ആക്രമണത്തിന് ഇരയായ ചുള്ളിയോട് അഞ്ചാംമൈല്‍ സ്വദേശി അജിന് ബേബി(35) പൊതുപ്രവര്‍ത്തകരായ സി.പി. റഹീസ്, എം.ജി. പ്രശോഭ് എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തിലാണ് അമ്പലവയല്‍ പൊലിസിനെതിരേ ആരോപണം ഉന്നയിച്ചത്. പ്രതികളെ നിയമത്തിന് മുമ്പില്‍ നിര്‍ത്തുന്നതില്‍ പൊലിസ് അലംഭാവം കാട്ടുകയാണെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ 16ന് രാത്രി ഒമ്പതരയോടെ ബത്തേരി ഗാന്ധി ജംഗ്ഷനു സമീപവും 11.30 ഓടെ ചുള്ളിയോടിലുമാണ് അജിന് ബേബിയെ ഒരേ സംഘം ആക്രമിച്ചത്. കമ്പിവടി ഉള്‍പ്പടെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ യുവാവ് മൂന്നു ദിവസം ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗാന്ധി ജംഗ്ഷന് സമീപം സുഹൃത്തിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പത്തിലധികം പേരടങ്ങുന്ന സംഘം ബിബിന്‍ ബേബിയെ ആക്രമിച്ചത്. പൊലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ബത്തേരിയില്‍നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പിന്തുടര്‍ന്ന സംഘം വീണ്ടും ആക്രമിച്ചത്. ആശുപത്രിയില്‍നിന്നു ഇന്റിമേഷന്‍ പോയ മുറയ്ക്ക് പൊലിസ് അജിന് ബേബിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അക്രമികളുടെ അറസ്റ്റ് വൈകുകയാണ്. നാലുപേരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വിട്ടയച്ചു.
ചുള്ളിയോട്, തൊവരിമല ഭാഗങ്ങളിലെ കണ്ടാല്‍ അറിയാവുന്നവരടക്കമുള്ള സംഘമാണ് ആക്രമിച്ചതെന്ന് അജിന് ബേബി പറഞ്ഞു. അമ്പലവയല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ എടുത്തുപറയത്തക്ക ആറ് അക്രമസംഭവങ്ങള്‍ ഉണ്ടായെന്നും എന്നിട്ടും പൊലിസ് ഉണര്ന്നുപ്രവര്ത്തിക്കുന്നില്ലെന്നും പൊതുപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. അജിന് ബേബിയെ ആക്രമിച്ചവരുടെ അറസ്റ്റ് വൈകിയാല്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു.