ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിലെ 7.8 ശതമാനം ജിഡിപി വളർച്ച മുന്നോട്ടുവയ്ക്കാൻ മുൻവർഷത്തെ വിപണിവില അടിസ്ഥാനമാക്കിയുള്ള ജിഡിപി കണക്കുകൾ കൃത്രിമമായി കുറച്ചുകാട്ടിയെന്ന വാദം തള്ളി കേന്ദ്രസർക്കാർ.
കഴിഞ്ഞ വർഷത്തെ ജിഡിപി കണക്കുകളിൽ മാറ്റം വരുത്തിയതുകൊണ്ടാണ് ഇത്തവണത്തെ വളർച്ച ഉയർന്നതായി കാണിക്കുന്നതെന്ന് മുൻ സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ആരോപിച്ചതോടെയാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.
2011-12 അടിസ്ഥാന വർഷമാക്കിയുള്ള 86.05 ലക്ഷം കോടി രൂപയെന്ന മുൻവർഷത്തെ ജിഡിപി കണക്കിൽ മാറ്റം വരുത്താതിരുന്നെങ്കിൽ നിലവിലെ യഥാർഥ വളർച്ച 2.6 ശതമാനം മാത്രമായി ഒതുങ്ങുമായിരുന്നുവെന്നായിരുന്നു ഗാർഗിന്റെ വിമർശനം.
എന്നാൽ പുതിയ സീരീസ് അവതരിപ്പിച്ചപ്പോൾ റീ-ബേസിംഗ് രീതിശാസ്ത്രത്തിന്റെ ഭാഗമായാണു ഡാറ്റ പരിഷ്കരിച്ചതെന്നും വളർച്ച കൂട്ടിക്കാട്ടാൻ വേണ്ടിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി.അതേസമയം, കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
പരസ്യങ്ങളിലൂടെ ജിഡിപി കണക്കുകൾ മിനുക്കിയെടുക്കാമെങ്കിലും യഥാർഥ സമ്പദ്വ്യവസ്ഥയെ അങ്ങനെ മെച്ചപ്പെടുത്താനാകില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആഞ്ഞടിച്ചു. "ലൈറ്റ്സ്, കാമറ, പിന്നെ യാതൊരു നടപടിയുമില്ലായ്മ' എന്ന ശൈലിയിലാണു കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പരിഹസിച്ചു.