ന്യൂഡൽഹി: ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്നും അക്രമ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും രാജ്യവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും സാറ്റലൈറ്റ് ടിവി ചാനലുകൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മാർഗനിർദേശം. 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്കുകൾ (റെഗുലേഷൻ) നിയമവും 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്കുകൾ ചട്ടങ്ങളും അനുശാസിക്കുന്ന പ്രോഗ്രാം കോഡ് ചാനലുകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ തത്സമയ കവറേജ്, അക്രമാസക്തമായ ദൃശ്യങ്ങൾ, കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടിംഗ്, പ്രകൃതിദുരന്തങ്ങൾ, ഇന്ത്യയുടെ കൃത്യമായ ഭൂപടങ്ങൾ ഉപയോഗിക്കൽ, വർഗീയ സൗഹാർദം, ലൈംഗിക അതിജീവിതമാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കൽ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങളാണ് മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, തത്സമയ ചർച്ചകളിലും പാനൽ ചർച്ചകളിലും വർഗീയമോ രാജ്യവിരുദ്ധമോ ആയ മനോഭാവങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ചാനലുകൾ ഉറപ്പുവരുത്തണമെന്നും സംപ്രേഷണത്തിൽ അനുചിതമായ പെരുമാറ്റമോ ഭാഷയോ സാധാരണവത്കരിക്കാൻ പാടില്ലെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ വാർത്തകളുടെ കൃത്യതയും ആധികാരികതയും നഷ്ടപ്പെടാത്തവിധം നിർദിഷ്ടകാര്യങ്ങളിൽ മാത്രമായി നിർമിത ബുദ്ധിയുടെ (എഐ) ഉപയോഗം പരിമിതപ്പെടുത്തണമെന്നും നിർദേശമുണ്ട്.
സമൂഹമാധ്യമ കമ്പനിയായ മെറ്റയ്ക്ക് അൽഗോരിതം നിയന്ത്രിക്കുന്നത് സംബന്ധിച്ച നിർദേശം കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നൽകിയിരുന്നു.