ദുബായ്/ലണ്ടൻ: സഹപൈലറ്റിന്റെ ഭീകരാക്രമണത്തിൽനിന്ന് ഫ്ലൈ ദുബായ് വിമാനം തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവം ഗൾഫ് മേഖലയിലെ വ്യോമയാന മേഖലയുടെ തിരിച്ചുവരവിന് വൻ തിരിച്ചടിയാകുന്നു. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വൻ പ്രതിസന്ധി നേരിട്ടശേഷം പതുക്കെ സാധാരണ നിലയിലേക്കു മടങ്ങിയെത്തുകയായിരുന്ന വിമാനക്കമ്പനികൾക്ക് പുതിയ സംഭവം വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.
ഫ്ലൈ ദുബായ് ആക്രമണത്തിന്റെ കൃത്യമായ പശ്ചാത്തലവും ലക്ഷ്യവും വ്യക്തമല്ലെങ്കിലും പശ്ചിമേഷ്യയിലെ വ്യോമപാതകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഇതു വീണ്ടും സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏഴു മാസമായി തുടരുന്ന ഇറാൻ യുദ്ധം ഇതിനകംതന്നെ മേഖലയിലെ വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചിരുന്നു. മിസൈലുകൾ, ഡ്രോണുകൾ എന്നിവയ്ക്കുപുറമെ വലിയ മാനസികസമ്മർദവും അതിജീവിച്ചാണ് പൈലറ്റുമാർ സർവീസ് നടത്തിയിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾക്കുശേഷം ഗൾഫ് വിമാനക്കമ്പനികളുടെ സർവീസുകൾ പൂർണമായി നിലയ്ക്കുന്ന ഘട്ടത്തിലെത്തിയിരുന്നു. എന്നാൽ അടുത്തകാലത്തായി സർവീസുകൾ യുദ്ധത്തിനുമുമ്പുള്ള അവസ്ഥയിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഫ്ലൈ ദുബായ് വിമാനത്തിലെ അപ്രതീക്ഷിത സംഭവം ഉണ്ടാകുന്നത്.
സംഭവം ഭീകരവാദബന്ധമുള്ളതാണോ അതോ 2015ലെ ജർമൻവിംഗ്സ് ദുരന്തത്തിനു സമാനമായി പൈലറ്റിന്റെ മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലമുണ്ടായതാണോ എന്നതിനെ ആശ്രയിച്ചിരിക്കും വ്യോമയാനമേഖലയിലുണ്ടാകുന്ന ആഘാതമെന്ന് വ്യോമയാന വിദഗ്ധൻ ജയിംസ് ഹാൽസ്റ്റെഡ് ചൂണ്ടിക്കാട്ടി.
മാനസികാരോഗ്യ പ്രശ്നങ്ങളാണെങ്കിൽ ഇത് ഫ്ലൈ ദുബായ് എന്ന കമ്പനിയെ മാത്രമായിരിക്കും ബാധിക്കുക, എന്നാൽ ഭീകരവാദ ബന്ധമാണെങ്കിൽ ഗൾഫ് മേഖലയിലേക്കുള്ള ആഗോള യാത്രക്കാരുടെ ഒഴുക്കിനെയും ആത്മവിശ്വാസത്തെയും അത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.