നെടിയകാട്: അഖിലേന്ത്യ അവാര്‍ഡി ടീച്ചേഴ്സ് ഫെഡറേഷന് നല്കുന്ന 32-ാ മത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ പ്രധാന അധ്യാപികയായ സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട് അര്‍ഹയായി. അധ്യാപനരംഗത്തെ മികവും സമഗ്രമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. അധ്യാപനത്തോടൊപ്പം സാമൂഹിക സാംസ്കാരിക, പാരിസ്ഥിതിക മേഖലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച അധ്യാപികയ്ക്കുള്ള ഈ അംഗീകാരം നാടിനും വിദ്യാലയത്തിനും അഭിമാനമായി.
ജില്ലയിലെ കൃഷിവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ മികച്ച അധ്യാപികയ്ക്കുള്ള കാര്‍ഷിക അവാര്‍ഡും തൊടുപുഴ ബിആര്‍സി തലത്തില്‍ ഇന്നവേറ്റീവ് അവാര്‍ഡും നേടിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഹരിതപരിപാലനം തുടങ്ങിയ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയും വിദ്യാലയത്തിന്റെ അക്കാദമികവും സാമൂഹികവുമായ പുരോഗതിക്കായി പ്രവര്‍ത്തിച്ചും സിസ്റ്റര്‍ മിനിറ്റ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. കോതമംഗലം പ്രൊവിന്‍സ് തിരുഹൃദയ സന്യാസിനി സമൂഹാംഗവും അരിക്കുഴ പാറക്കടവ് കാവാട്ട് പോള്‍- പെണ്ണമ്മ ദമ്പതികളുടെ മകളുമാണ്.