മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനിൽ യാത്രക്കാർക്കിടയിൽ കൗതുകവും അത്ഭുതവും ഉണർത്തി അപൂർവ്വമായൊരു അതിഥിയെത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിൻ കമ്പാർട്ട്മെന്റിലേക്ക് പറന്നെത്തിയ പരുന്ത്, യാത്രക്കാരിയായ നിഹംഗ് സിഖ് വനിതയുടെ തലപ്പാവിലാണ് ശാന്തമായി ഇരുന്നത്.
ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ നിന്ന് കല്യാണിലേക്ക് യാത്ര തിരിച്ച ട്രെയിനിലായിരുന്നു ഈ വേറിട്ട സംഭവം അരങ്ങേറിയത്. അക്ഷയ് പാലവ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പകർത്തിയ ഈ രംഗങ്ങളുടെ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ട്രെയിൻ വേഗത്തിൽ പായുമ്പോഴും യാതൊരു ഭയവുമില്ലാതെ യാത്രക്കാരിയുടെ തലപ്പാവിലിരിക്കുന്ന പരുന്തിനെ കണ്ട് സഹയാത്രികർ അത്ഭുതത്തോടെ നോക്കിനിൽക്കുന്നതും, ചിലർ മൊബൈൽ ഫോണുകളിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. സിഖ് സംസ്കാരത്തിലും ചരിത്രത്തിലും പരുന്തിന് വലിയ പ്രാധാന്യമുണ്ട്. ധീരതയുടെയും പരമാധികാരത്തിന്റെയും സ്വതന്ത്ര ആത്മാവിന്റെയും പ്രതീകമായാണ് സിഖ് വിശ്വാസികൾ പരുന്തിനെ കാണുന്നത്.