ഒറ്റപ്പാലം: ഭീകരപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ഒറ്റപ്പാലത്തുനിന്ന് തൃശൂർ സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു.
നവി മുംബൈ ഭാരത് കാണ്ഡിവ്ലി വെസ്റ്റ് സ്വദേശി ഗുരുമൂർത്തി (27) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഒറ്റപ്പാലം തൃക്കങ്ങോട് ഭാഗത്തെ വാടകവീട്ടിൽനിന്നാണു പൊലിസിന്റെ പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്ന വിധത്തിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലർ സംസ്ഥാനത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഈസ്റ്റ് പൊലിസാണു കേസെടുത്തത്.
ഭീകരപ്രവർത്തനങ്ങൾക്കായുള്ള ഗൂഢാലോചന, ശ്രമം, സഹായം നൽകൽ എന്നിവ കൈകാര്യം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) സെക്ഷൻ 18 പ്രകാരമാണ് കേസ്.
ഒറ്റപ്പാലം പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള മിൽമ ഗോഡൗണിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. രണ്ടുമാസം മുമ്പാണ് ഇയാൾ ഇവിടെ ജോലിയിൽ പ്രവേശിച്ചതെന്നാണ് വിവരം. അറസ്റ്റിലായ പ്രതിക്കു തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് പൊലിസ് പറയുന്നത്.