കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരോടു ദേവസ്വം ജീവനക്കാര്‍ മോശമായി പെരുമാറുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ദേവസ്വത്തിന്റെ വിശദീകരണം തേടി. കഴിഞ്ഞ രണ്ടിനു രാവിലെ ആറരയോടെ ദര്‍ശനത്തിനായി ശ്രീകോവിലിനുമുമ്പില്‍ ക്യൂ നില്‍ക്കവെ രണ്ടു ജീവനക്കാര്‍ തങ്ങളെ തള്ളിനീക്കിയെന്നാരോപിച്ച് എറണാകുളം സ്വദേശി ആര്. ഹരിശങ്കറും ഭാര്യയും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്.
സോപാനത്തിനുമുന്നില് ജീവനക്കാര്‍ ഭക്തരെ തള്ളുകയും മര്‍ദിക്കുകയും ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. മൂന്നു സെക്കന്‍ഡ് പോലും ദര്‍ശനം അനുവദിച്ചില്ല. സ്ത്രീകളടക്കമുള്ള ഭക്തരെ രണ്ടു പുരുഷ ജീവനക്കാര്‍ ബലം പ്രയോഗിച്ച് മാറ്റുന്നത് ദര്‍ശനത്തിനുള്ള അവകാശത്തെയും അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശത്തെയും ലംഘിക്കുന്നതാണ്.
സ്ത്രീത്വത്തെ അപമാനിച്ചതിനു നടപടി വേണം. ഭക്തര്‍ക്കു ജീവനക്കാരില്‍നിന്ന് ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.