നവി മുംബൈയിലെ പ്രശസ്തമായ പാം ബീച്ച് റോഡിൽ ടാക്സി നിർത്തിയിട്ട് റോഡിലേക്ക് ഗുഡ്ഖ തുപ്പിയ ഡ്രൈവറെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു.
റിച സമീത് എന്ന യാത്രാക്കാരി പകർത്തിയ വീഡിയോയിൽ, ഡ്രൈവർ സീറ്റിന്റെ വശത്തായി റോഡിൽ പുകയിലയുടെ കറ വീണതിനെച്ചൊല്ലി പ്രദേശവാസിയായ ഒരു സ്ത്രീയും ഡ്രൈവറും തമ്മിൽ രൂക്ഷമായ തർക്കത്തിലേർപ്പെടുന്നത് കാണാം.
താനല്ല അവിടെ തുപ്പിയതെന്നു വാദിച്ച് കുറ്റം നിഷേധിച്ച ഡ്രൈവർ, റോഡ് വൃത്തിയാക്കാൻ ആദ്യം തയ്യാറായില്ല. എന്നാൽ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിലിലും സമാനമായ ഗുഡ്ഖയുടെ കറകൾ വ്യക്തമായിരുന്നു.
സംഭവം വഷളായതോടെ പ്രദേശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ഇടപെടുകയും ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് വൻതുക പിഴയും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് സ്ത്രീ ഓർമ്മിപ്പിച്ചതോടെയാണ് ഇയാൾ വഴങ്ങിയത്.
തർക്കം തുടർന്നെങ്കിലും ഒടുവിൽ കൈയിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളമൊഴിച്ച് റോഡിലെ കറ കഴുകിക്കളയാൻ ഡ്രൈവർ നിർബന്ധിതനായി. മുംബൈ നഗരത്തിൽ പൊതുസ്ഥലങ്ങളിൽ പുകയിലയും പാക്കും തുപ്പുന്നത് തടയാൻ കർശന നിയമങ്ങളാണുള്ളത്.
ആദ്യതവണ കുറ്റം ചെയ്താൽ 1000 രൂപ പിഴയ്ക്ക് പുറമെ ഒരു ദിവസത്തെ സാമൂഹിക സേവനവും അനുഭവിക്കണം. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ 3000 രൂപ പിഴയും മൂന്നു ദിവസത്തെ സേവനവും, മൂന്നാം തവണ 5000 രൂപ പിഴയും അഞ്ചു ദിവസത്തെ സാമൂഹിക സേവനവുമാണ് നിയമപ്രകാരമുള്ള ശിക്ഷ.