ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിങ്കി ഭുയാൻ ശർമ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് കനത്ത തിരിച്ചടി. കേസിൽ ഖേര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഗുവാഹത്തി ഹൈക്കോടതി തള്ളി. ഇതോടെ ഖേര ഉടൻ പോലീസിന് മുന്നിൽ കീഴടങ്ങേണ്ടി വരുമെന്നാണ് സൂചന.
അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്പോർട്ടുകൾ ഉണ്ടെന്നും വിദേശത്ത് അനധികൃത സ്വത്തുക്കളുണ്ടെന്നും ഏപ്രിൽ അഞ്ചിന് നടത്തിയ വാർത്താ സമ്മേളനത്തിൽ പവൻ ഖേര ആരോപിച്ചിരുന്നു. ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിൽ മറച്ചുവെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി റിങ്കി ഭുയാൻ നൽകിയ പരാതിയിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് പവൻ ഖേരയ്ക്കെതിരെ കേസെടുക്കുകയായിരുന്നു.
ഹർജിയിൽ ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി ഏപ്രിൽ 21-ന് വിധി പറയാനായി മാറ്റിവെച്ചിരുന്നു. ഇന്ന് വിധി പ്രസ്താവിച്ച കോടതി മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം. മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പവൻ ഖേരയ്ക്ക് കീഴടങ്ങുകയോ അല്ലെങ്കിൽ സ്ഥിര ജാമ്യത്തിനായി കോടതിയെ സമീപിക്കുകയോ ചെയ്യാം.
കേസിന്റെ ഭാഗമായി അസം പോലീസ് നേരത്തെ ഡൽഹിയിലെ ഖേരയുടെ വസതിയിൽ പരിശോധന നടത്തിയിരുന്നു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, അന്വേഷണവുമായി ഖേര സഹകരിക്കണമെന്നാണ് അസം സർക്കാരിന്റെ നിലപാട്.