മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ഭിതർവാറിൽ പട്ടാപ്പകൽ പെൺകുട്ടികൾക്ക് നേരെ അതിക്രമം. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർഥിനികളെയാണ് കംലാ സ്കൂൾ റോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിർത്തി ഉപദ്രവിച്ചത്.
ശല്യം ചെയ്തത് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെ പ്രകോപിതരായ അതിക്രമികൾ ഇരുവരെയും കൈയേറ്റം ചെയ്യുകയായിരുന്നു. വിദ്യാർഥിനികൾ മുന്നോട്ട് നടന്നു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമികൾ വീണ്ടും ബൈക്കിൽ പിന്നാലെയെത്തി അക്രമം ആവർത്തിച്ചു.
സംഭവത്തിന് ശേഷം ഇരുവരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇരയായ കുട്ടികളോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലിസ് ഗഗൻ ഹന്മത് അറിയിച്ചു.
എങ്കിലും, ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അതിക്രമികളെ തിരിച്ചറിയാനും അവരെ കണ്ടെത്താനുമുള്ള തിരച്ചിൽ പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ, കുട്ടികളുടെ മൊഴി രേഖപ്പെടുത്താനായി അവരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതിൽ ഭിതർവാർ നഗർ പരിഷത്ത് വൈസ് പ്രസിഡന്റ് മന്നു യാദവ് ശക്തമായ ആശങ്ക പ്രകടിപ്പിച്ചു.
പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, പൊലിസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടായില്ലെങ്കിൽ വൻ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി.