ന്യൂഡൽഹി: സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിനും അതിന്റെ സ്ഥാപകൻ അജി കൃഷ്ണനും എതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരൻ രംഗത്ത്. അജി കൃഷ്ണനെതിരായ പോക്സോ കേസ് ഒതുക്കാൻ കോടികൾ ഒഴുക്കിയെന്നും, രാഷ്ട്രീയ ബന്ധങ്ങൾ വ്യാജമായി ചമച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ. എന്നാൽ ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് എച്ച്ആർഡിഎസ് അധികൃതർ വ്യക്തമാക്കി.
11 വയസുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിൽ അജി കൃഷ്ണനെതിരെയുള്ള കേസ് അട്ടിമറിക്കാൻ വൻതോതിൽ പണം ചെലവാക്കി. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് ബിജെപി, ആർഎസ്എസ് എന്നിവയുമായി ബന്ധമുണ്ടെന്ന് വ്യാജമായി അവകാശപ്പെട്ട് കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയും കോടികൾ കൈക്കലാക്കുകയും ചെയ്തു. 25 ലക്ഷം രൂപ ചെലവാക്കി പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഡയറികളും കലണ്ടറുകളും അച്ചടിച്ചത് ഇതിന്റെ ഭാഗമായിരുന്നു.