National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്.
നിരവധി തവണ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷയ്ക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും അഭിജീത്ത് പ്രതികരിച്ചു. ഇതിന്റെ സ്ക്രീൻഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്സ് അക്കൗണ്ടിന് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നു. സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഐടി ആക്ടിലെ സെക്ഷൻ 69(എ) പ്രകാരമാണ് അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ എക്സിന് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. സിജെപിയുടെ ആദ്യ എക്സ് അക്കൗണ്ട് കേന്ദ്രസർക്കാർ പൂട്ടിയെങ്കിലും രണ്ടാമത് തുടങ്ങിയ അക്കൗണ്ട് പതിനായിരങ്ങളാണ് ഫോളോ ചെയ്യുന്നത്.
തൊഴിലില്ലാത്ത യുവാക്കളെ വിമർശിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ വിവാദ പരാമർശത്തിനു പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബോസ്റ്റണ്‍ സർവകലാശാലാ വിദ്യാർഥിയാണ് അഭിജീത് ദിപ്കെ.
Kerala
കാസർഗോഡ്: ബ്രോക്കർ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് നവവരനെ കല്ല്യാണ ബ്രോക്കർ വെട്ടിപ്പരിക്കേൽപ്പിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ടിൽ നടന്ന സംഭവത്തിൽ പി.വി.ഏബ്രഹാമിനാണ് വെട്ടേറ്റത്.
സംഭവത്തിൽ പറമ്പയിൽ സ്വദേശി ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തയിടെയാണ് ഏബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഇതിന് ഇടനിലക്കാരനായിരുന്നു ബേബി. എന്നാൽ വിവാഹം കഴിഞ്ഞിട്ടും ഏബ്രഹാം ബ്രോക്കർ ഫീസ് നൽകിയില്ലെന്നാണ് ബേബി പറയുന്നത്.
ഇതിൽ പ്രകോപിതനായ പ്രതി യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏബ്രഹാം തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്.
District News
വടകര: വീട്ടമ്മയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. മടപ്പള്ളി അറക്കല്‍ മാളിയേക്കല്‍ പറമ്പില്‍ പുഷ്പയെ (73) ആണ് വെട്ടിപരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ അയല്‍വാസി അറക്കല്‍ മാളിയേക്കല്‍ പറമ്പില്‍ ശ്രീജിത്തിനെ (43) ചോമ്പാല പോലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ പുഷ്പയെ കൊടുവാള് ഉപയോഗിച്ച് വെട്ടിയത്. തലയ്ക്ക് ആഴത്തില്‍ മുറിവുണ്ട്.കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരന്തരം അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ.പ്രതിയുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു.