ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇമാം മസാറിക്കും ഭർത്താവ് ഹാദി അലി ഛത്തയ്ക്കും പത്തു വർഷം തടവ്. രണ്ടു വർഷം മുന്പ് ഒരു ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായുള്ള റോഡ് ബ്ലോക് നീക്കി എന്നാരോപിച്ചാണു തീവ്രവാദവിരുദ്ധ കോടതി ഇത്ര വലിയ ശിക്ഷ നല്കിയത്.
പാക് ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സൈന്യത്തെ വിമർശിച്ചതിന്റെ പേരിൽ ദന്പതികൾക്ക് നേരത്തേ 17 വർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. ഓഗസ്റ്റിൽ സുപ്രീംകോടതി ഈ ശിക്ഷ റദ്ദാക്കി. എന്നാൽ ഇവർ ജയിൽമോചിതരാകുന്നതിനു മുന്പ് പൊലിസ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദന്പതികൾ മാസങ്ങളായി റാവൽപിണ്ഡിയിലെ അഡ്യാല ജയിലിലാണ്.
2024 ഒക്ടോബറിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ പാക് പര്യടനത്തിനിടെയാണ് ഇപ്പോഴത്തെ കേസിനാധാരമായ സംഭവം നടന്നുവെന്ന് ആരോപിക്കപ്പെടുന്നത്. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്ലാമാബാദിലെ റോഡ് ബ്ലോക്ക് ചെയ്ത് പൊലിസ് സ്ഥാപിച്ചിരുന്ന വസ്തുക്കൾ ദന്പതികൾ നീക്കിയത്രേ.
പൊലിസ് ഓഫീസർമാർക്കു തടസമുണ്ടാക്കിയതിന്റെ പേരിൽ ദന്പതികൾക്കുമേൽ ഭീകരവാദക്കുറ്റം ചുമത്തുകയായിരുന്നു. കോടതി വിധിയെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു.