അനന്തപൂരിലെ ഹമാലി കോളനിയിൽ വീടിന് മുന്നിലിരുന്ന് ശല്യമുണ്ടാക്കിയ മദ്യപസംഘത്തെ ചോദ്യം ചെയ്ത കുടുംബത്തിന് നേരെ അർദ്ധരാത്രിയിൽ ആക്രമണം ഉണ്ടായി.
തബ്രേസ് എന്നയാളുടെ നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങുന്ന സംഘം വീട് വളഞ്ഞ് പെട്രോളൊഴിക്കുകയും വാതിൽ തകർത്ത് അകത്തുകയറാൻ ശ്രമിക്കുകയുമായിരുന്നു.
പിഞ്ചുകുട്ടികളടക്കമുള്ള കുടുംബാംഗങ്ങൾ പ്രാണഭയത്തോടെ വീടിന്റെ വാതിൽ ഉള്ളിൽനിന്ന് ബലമായി അടച്ചുപിടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കടുത്ത ജനരോഷം ഉയർത്തിയിട്ടുണ്ട്.
അക്രമത്തിനിടെ ഉമാമഹേശ്വരി എന്ന വീട്ടമ്മയ്ക്ക് നേരെ കൈയേറ്റവുമുണ്ടായി. ജീവന് ഭീഷണിയുള്ള ഈ കുടുംബം ഇപ്പോൾ പോലീസ് സംരക്ഷണം തേടുകയാണ്.
എന്നാൽ ഇത്രയും വലിയൊരു അക്രമിസംഘം ഉണ്ടായിട്ടും നിലവിൽ രണ്ടുപേർക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത് എന്ന ആക്ഷേപവും ശക്തമാണ്.