ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് ഡോറിന്റെ ഹാൻഡിലിൽ അബദ്ധത്തിൽ സ്പർശിച്ച യാത്രികനെ വിമാനത്തിൽ നിന്ന് പുറത്തിറക്കി.
ഹൈദരാബാദിൽ നിന്ന് കടപ്പയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ടേക്ക് ഓഫിനായി ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്നപ്പോഴാണ് സംഭവം നടന്നത്. സീറ്റ് ക്രമീകരിക്കുന്നതിനിടെ യാത്രികൻ അബദ്ധത്തിൽ എമർജൻസി ഡോറിന്റെ ഹാൻഡിലിൽ തൊടുകയായിരുന്നു. ഇതേ തുടർന്ന് സെൻസർ അലാറം മുഴങ്ങി. തുടർന്ന് എയർലൈൻ ജീവനക്കാർ ഉടൻ തന്നെ ഇയാളെ വിമാനത്തിൽ നിന്ന് താഴെയിറക്കി.
പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ അറിയാതെയാണ് എമർജൻസി ഡോറിൽ തൊട്ടതെന്ന് വ്യക്തമായി. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.