ദേശീയപാതയിൽ ഗതാഗതത്തിന് തടസമുണ്ടാക്കിയും ജീവന് ഭീഷണിയായ തരത്തിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയും യുവാക്കൾ നടത്തിയ ജന്മദിനാഘോഷം വൻ വിവാദത്തിലേക്ക്.
ഉത്തർപ്രദേശിലെ ഹാപ്പൂരിൽ നാഷണൽ ഹൈവേ ഒമ്പതിൽ രാജാ കി ഹവേലി ഹോട്ടലിന് സമീപമായിരുന്നു ഈ സംഭവം. പൊതുവഴിയിലെ ഈ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയർന്നുവന്നത്.
നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ അഞ്ചോളം കേക്കുകൾ നിരത്തിവെച്ച്, വാളുകൊണ്ട് അത് മുറിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രധാനമായും പുറത്തുവന്നത്. ഇയാളെ ചുറ്റിപ്പറ്റി നിന്ന സുഹൃത്തുക്കൾ ഉറക്കെ ആർത്തുവിളിക്കുകയും പാർട്ടി പോപ്പർ പൊട്ടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ഇതിനുപുറമെ മറ്റ് ചില ചെറുപ്പക്കാർ അതിവേഗത്തിൽ സഞ്ചരിക്കുന്ന കാറിന്റെ ജനലിലൂടെ വെളിയിലേക്ക് ആഞ്ഞുനിൽക്കുന്നതും മോട്ടോർ സൈക്കിളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും, അതിനോടകം തന്നെ ദൃശ്യങ്ങൾ മറ്റ് പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാബുഗഡ് പൊലിസ് ഉടൻതന്നെ കർശന നടപടി സ്വീകരിച്ചു.
കേസിൽ ഉൾപ്പെട്ട എട്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ആഘോഷത്തിനായി ഉപയോഗിച്ച കാറും മോട്ടോർ സൈക്കിളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായവരിൽ ഹിന്ദു രക്ഷാ ദളിന്റെ ജില്ലാ ഭാരവാഹിയും ഉൾപ്പെടുന്നുണ്ട്.
ഒക്ടോബർ 29-നാണ് സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്നാണ് പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയതെന്നും ഹാപ്പൂർ പൊലിസ് സൂപ്രണ്ട് അറിയിച്ചു. അറസ്റ്റിലായതിന് പിന്നാലെ പ്രതികൾ പൊലിസ് സ്റ്റേഷനിൽ കൈകൂപ്പി മാപ്പ് അപേക്ഷിച്ചു നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പൊതുനിരത്തുകളിലെ ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങൾക്കെതിരെയും ആയുധങ്ങൾ പ്രദർശിപ്പിച്ചുള്ള ആഘോഷങ്ങൾക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് പൊലിസ് നൽകുന്നത്.