കൊച്ചി: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട യുവഡോക്ടറെ കുരുക്കിയത് ഒട്ടേറെ യുവതികളുടെ സ്വകാര്യ ചിത്രങ്ങൾ. ഡോ. ജോണ്സണ് കെ. വര്‍ഗീസി (41)ന്റെ മൊബൈല്‍ഫോണില്‍ നിന്നാണ് 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലിസ് കണ്ടെത്തിയത്. യുവതികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഡോക്ടര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്നാണ് പൊലിസ് പറയുന്നത്.
ഇതില്‍ ഉള്‍പ്പെട്ട യുവതികളുടെ പരാതി ലഭിച്ചാല്‍ ഡോക്ടര്‍ക്കെതിരേ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡോ. ജോണ്സണ് ഒളിവില്‍പോയി. ഇയാള്‍ക്കായി കടവന്ത്ര പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന.
യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈല്‍ ഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്തെന്ന കേസിലാണ് പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ 50കാരിയാണ് ഡോക്ടര്‍ക്കെതിരേ പീഡനപരാതി നല്‍കിയത്. ഇതോടെ ഡോ. ജോണ്സണ് കെ. വര്‍ഗീസിനെ പ്രതിയാക്കി ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസെടുക്കുകയായിരുന്നു.
50കാരിയെ ഡോക്ടര്‍ മദ്യം നല്കിയ ശേഷം കാക്കനാട് പരിസരത്തെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. അടുത്ത ബന്ധുവിനെ പീഡനത്തിന് ഇരയാക്കിയ കുടുംബ ഡോക്ടറെ തടങ്കലിലാക്കി മര്‍ദിക്കുകയും പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ മൂന്നു കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ നടിയും അഭിഭാഷകയുമായ എറണാകുളം ഹില്‍പാലസ് അന്‍സല്‍ സിറ്റി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അതുല്യ ചന്ദ്ര (32), നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിന്‍ പെരുമ്പിള്ളി (ബിബിന്‍ ബേബി-42), കെ.ബി. വിഷ്ണു (31) എന്നിവരെ കടവന്ത്ര പൊലിസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സ്കൂട്ടര്‍ കസ്റ്റഡിയിൽ
നടി അതുല്യ ചന്ദ്രയെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിൽ എത്തിച്ച സ്കൂട്ടർ കടവന്ത്ര പൊലിസ് കണ്ടെത്തി. കേസിൽ പ്രതിയായ അൽത്താഫിന്റെ മാർഷൽ ആർട്സ് സ്കൂളിലുള്ള ആളുടേതാണ് ഈ വാഹനം.
അൽത്താഫ് ഉൾപ്പടെയുള്ളവർ ഒളിവിലാണ്. ഡോക്ടറിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പരാതിക്കാരിയായ 50കാരിയുടെ കൈവശം എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചു. ഇതിനായി ഇവരുടെ മൊഴി രേഖപ്പെടുത്തും.
ഡോക്ടറെ മർദിച്ച കേസ്: പ്രതികൾക്കു ജാമ്യമില്ല
കൊച്ചി: ഡോക്ടറെ ഹോട്ടലിൽ വിളിച്ചുവരുത്തി സംഘം ചേർന്ന് മർദിച്ച കേസിലെ പ്രതികളായ നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യ ഹർജികൾ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ആരോപണം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നുമുള്ള പൊലിസ് വാദം അംഗീകരിച്ച കോടതി ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനടക്കം സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ജാമ്യം തള്ളിയത്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പൊലിസ് വ്യക്തമാക്കി.നോട്ടീസ് നൽകാതെയാണ് അറസ്റ്റെന്നും അനാവശ്യമായാണ് പ്രതി ചേർത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലിസ് കോടതിയിൽ അപേക്ഷ നൽകും. മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ പ്രതികൾ സെഷൻസ് കോടതിയെയും സമീപിച്ചേക്കും.