പനാജി: പെട്രോളിലെ എഥനോള്‍ മിശ്രണം നിലവിലെ 20 ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് തത്കാലം പദ്ധതിയില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി.
എഥനോള്‍ കലര്‍ത്തിയ ഇന്ധനം വാഹനങ്ങളുടെ എന്ജിന് കേടുപാടുണ്ടാക്കുമെന്ന പ്രചാരണം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ദക്ഷിണ ഗോവയിലെ ബെതൂലില് 29-ാമത് ഊര്‍ജ സാങ്കേതികവിദ്യാ നവീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ ഇ20 ഇന്ധനം രാജ്യത്ത് ഇതിനകം നടപ്പാക്കിയിട്ടുണ്ട്.
ഇ20 ഇന്ധനം നടപ്പാക്കിയതിലൂടെ സര്‍ക്കാരിന് 1.60 ലക്ഷം കോടി രൂപ ലാഭിക്കാനായി. ഇതില്‍ 1.40 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു. ഭക്ഷ്യദാതാക്കളായ കര്‍ഷകര്‍ ഊര്‍ജദാതാക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.