ജെ.സി. ഡാനിയേലിന്റെ ത്യാഗത്തിന്റെയും സിനിമയോടുള്ള അർപ്പണത്തിന്റെയും അടിസ്ഥാനത്തിന് മുകളിലാണ് മലയാള സിനിമ കെട്ടിപ്പടുത്തതെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് എം. ആർ.ഹരിഹരൻ നായർ.
ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ 126 - ജന്മദിനാഘോഷത്തിന്റെയും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ഭവനിലായി രുന്നു ചടങ്ങ്.
സിനിമ ദിനമായാണ് ഫൗണ്ടേഷൻ ജന്മദിനം ആഘോഷിച്ചത്. സിനിമയ്ക്കു വേണ്ടി സ്വന്തം ജീവിതവും സമ്പാദ്യവും ഹോമിച്ച ജെ.സി ഡാനിയേലിന്റെ ചരിത്രം പോരാട്ടത്തിന്റെയും വേദനയുടേതും ആണെന്നും ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ പറഞ്ഞു.
ചടങ്ങിൽ ഗാന്ധി സ്മാരക നിധി ജോയിന്റ് സെക്രട്ടറി വി. കെ. മോഹൻ അധ്യക്ഷത വഹിച്ചു. നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ പുരസ്കാരം ഏറ്റുവാങ്ങി. ചലച്ചിത്ര നടി കാലടി ഓമന, സജിൻ ജോൺ, ഡോ. എ. കെ. പ്രകാശൻ ഗുരുക്കൾ, എസ്. മഞ്ജുളാദേവി,ആദിത്യാ സുരേഷ് തുടങ്ങിയവർ ഫൗണ്ടേഷന്റെ വിവിധ ദേശീയ പുരസ്കാരങ്ങൾ സ്വീകരിച്ചു. ചടങ്ങിൽ കവി വിനോദ് വൈശാഖി മുഖ്യപ്രഭാഷണം നടത്തി. നിർമാതാവും നടനുമായ ദിനേശ് പണിക്കർ ആശംസ നേർന്നു.
നെയ്യാറ്റിൻകര മുൻ നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ, ജെ.സി. ഡാനിയലിന്റെ മകൻ ഹാരിസ് ഡാനിയേൽ മറ്റു കുടുംബാംഗങ്ങൾ എന്നിവർക്കുള്ള സ്നേഹാദരസമർപണവും നടന്നു. ഫൗണ്ടേഷൻ ചെയർപേഴ്സൺ സോനാ.എസ്.നായർ അവാർഡ് ജേതാക്കൾക്ക് ഉപഹാരം സമ്മാനിച്ചു. മാനേജിംഗ് ട്രസ്റ്റി സാബു കൃഷ്ണ സ്വാഗതം ആശംസിച്ചു.