ആലപ്പുഴ: ഹരിപ്പാട്ട് മെഡിക്കൽ കോളജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി.സുധാകരൻ. ഒരേ ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള വണ്ടാനം മെഡിക്കൽ കോളജിന്റെ വികസനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളജ് അതീവ ശോചനീയാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയ സമർപ്പിച്ച 14 പദ്ധതികൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ നിന്ന് വെറും 15 കിലോമീറ്റർ അകലെയുള്ള ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ വിമർശിച്ചു. അതേസമയം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി വന്നിരുന്നു.
എന്നാൽ പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുകയും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് എൽഡിഎഫ് മന്ത്രിസഭയിലെ അംഗമായിരുന്ന ജി. സുധാകരൻ പദ്ധതിക്കെതിരായ നിലപാടുകൾക്കും അന്വേഷണ നടപടികൾക്കും നേതൃത്വം നൽകിയിരുന്നു.
കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തോടും സുധാകരൻ വിയോജിപ്പ് രേഖപ്പെടുത്തി. മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കരിമണൽ നൽകുന്നതിനെ എതിർത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.