നടിയെ അക്രമിച്ച കേസിൽ താൻ നിരപരാധിയാണെന്ന് ദിലീപ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഹരിശ്രീ യൂസഫ്. തനിക്കും ഒരു മകളുണ്ടെന്നും താൻ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന് ദിലീപ് ചോദിച്ചെന്നും യൂസഫ് പറയുന്നു. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ ഇനിയും ക്രൂശിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് യൂസഫിന്റെ വെളിപ്പെടുത്തൽ.
എടാ... ഞാൻ അങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’ ദിലീപേട്ടൻ അമേരിക്കയിൽ വച്ച് കണ്ണിൽ ചെറിയൊരു നനവോടു കൂടി എന്നോടു പറഞ്ഞ ഡയലോഗുകളാണ്. ആ ഒരു ഡയലോഗ് കേട്ടതോടുകൂടി ഞാൻ അദ്ദേഹത്തെ പിന്നെ അവിശ്വസിച്ചിട്ടില്ല. ഇത് നിങ്ങളെല്ലാവരും മുഴുവനായും ഒന്നു കേൾക്കണം കേട്ടോ.
ഈ വിഷയങ്ങൾ കാരണം ഞങ്ങൾക്ക് അമേരിക്കയിൽ ഉണ്ടായ ചെറിയ ബുദ്ധിമുട്ടുകളും കാര്യങ്ങളും ഒക്കെ നിങ്ങളുടെ മുമ്പിൽ എത്തിക്കാനാണ് ഈ വിഷയത്തിൽ ചെറിയൊരു പ്രതികരണവുമായി വന്നിരിക്കുന്നത്.
ഈ ഒരു വിഷയം നടന്നതിനുശേഷം ദിലീപേട്ടന്റെ കൂടെ ഒരു അമേരിക്കൻ പര്യടനത്തിന് ഞാൻ പോവുകയുണ്ടായി. ദിലീപേട്ടൻ, നാദർഷിക്ക, പിഷാരടി, ധർമജൻ, പാഷാണം ഷാജി അങ്ങനെ കുറച്ച് ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. ദിലീപേട്ടന്റെ ഈ പരിപാടിക്കു പോകുന്നതിനു മുമ്പ് ജയറാമേട്ടന്റെ കൂടെ ‘ജയറാം ഷോ 2016’ല് ചെയ്തിരുന്നു.
അമേരിക്കയിലെ 10–16 സ്റ്റേറ്റുകളിൽ ഞങ്ങൾ പ്രോഗ്രാം ചെയ്തു. എല്ലാം സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയിരുന്നു. അവിടെ ജനം ടിക്കറ്റ് കിട്ടാതെ, പ്രശ്നങ്ങളൊക്കെ ഉണ്ടാക്കി, വഴക്കൊക്കെ ഇട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായി.
ഒരു പള്ളി പരിപാടിക്ക് ചെന്നപ്പോൾ ആ ഓഡിറ്റോറിയത്തിൽ ഉള്ള കപ്പാസിറ്റിയിൽ ഇരട്ടി ആളുകൾ ഷോ കാണാൻ വേണ്ടി വന്നു. അത്രയ്ക്ക് നല്ല രീതിയിൽ ആളുകൾ ഞങ്ങളോട് സഹകരിച്ച ഒരു ഷോ ആയിരുന്നു ‘ജയറാം ഷോ’. അതിനുശേഷമാണ് ദിലീപേട്ടന്റെ ഈ ഷോയുമായി അമേരിക്കയിലേക്ക് പോകുന്നത്. ആ സമയത്തൊക്കെ ആയിരുന്നു ഈ വിഷയങ്ങൾ ഇവിടെ ഉണ്ടായത്.
ഈ വിഷയങ്ങൾ ഭയങ്കരമായി ഞങ്ങളുടെ ഷോയെ ബാധിച്ചു. കാരണം അവിടെ തന്നെ രണ്ട് വിഭാഗങ്ങൾ ഉണ്ടായി. ഒരു വിഭാഗം ദിലീപിനെ അമേരിക്കയിലേക്ക് കൊണ്ടുവരരുത്, ഈ പ്രോഗ്രാം നടക്കരുത് എന്നു പറഞ്ഞ് ഈ പ്രോഗ്രാമിന് പാര വയ്ക്കാൻ ഒരു വിഭാഗവും, അത് പറ്റില്ല നമ്മൾ ഒരു ഷോ ബുക്ക് ചെയ്തു കഴിഞ്ഞു, ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്ന് മാത്രമല്ലേ അറിയൂ, അതിന്റെ യഥാർഥ വസ്തുതകൾ അറിയാതെ അദ്ദേഹത്തിനെ നമ്മൾ ക്രൂശിക്കാൻ പാടില്ല എന്നു പറഞ്ഞ് നല്ല മനസുള്ള കുറച്ച് ആളുകൾ.
അങ്ങനെ അവരുടെ കുറച്ചു പേരുടെ പ്രോത്സാഹനത്തിലാണ് ഞങ്ങൾ ആ പരിപാടിക്കു വേണ്ടി പോകുന്നത് തന്നെ. ഈ ഷോ നടക്കുമോ എന്ന് പോലും എല്ലാവർക്കും സംശയമായിരുന്നു. ഞങ്ങൾ എന്തായാലും അവിടെ ചെന്നു. അവിടെ ചെന്നതിനു ശേഷവും പ്രശ്നങ്ങളായിരുന്നു.
ഞങ്ങളെ അവിടെ കൊണ്ടു വരേണ്ട എന്നു പറഞ്ഞ കുറച്ച് ആളുകൾ അവിടെയുള്ളവരോട് ‘ആരും പോകരുത്, ഈ ഷോ കാണരുത്, അയാളെ ഒറ്റപ്പെടുത്തണം, പ്രോഗ്രാം നമ്മൾ ആരും കാണരുത്’ എന്നൊക്കെ പറഞ്ഞ് ശരിക്കും വർക്ക് ചെയ്തു.
സത്യം പറയുകയാണെങ്കിൽ ഞങ്ങളുടെ ഷോയെ അത് ശരിക്കും ബാധിക്കുകയും ചെയ്തു. ഞങ്ങൾ എല്ലാവരും വിഷമത്തിലായി. ഒരു ഷോ ഒക്കെ ചെയ്യാൻ പോകുന്നതു തന്നെ ആളുകളുടെ സ്നേഹവും കൈയടിയും കിട്ടാന് വേണ്ടിയിട്ടാണ്. പക്ഷേ ഇവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു ശ്മശാന മൂകത.
ഒരു പരിപാടിക്കു വേണ്ടി ആ ഒരു ഓഡിറ്റോറിയത്തിൽ ചെല്ലുമ്പോൾ ഒരാളുമില്ല, ഒരനക്കവുമില്ല. കാരണം ദിലീപേട്ടനെ പോലത്തെ ഒരു വ്യക്തി ലീഡ് ചെയ്യുന്ന പ്രോഗ്രാം എന്നു പറയുമ്പോൾ തന്നെ അമേരിക്കയിലൊക്കെ അതിനു മുമ്പൊക്കെ ചെല്ലുമ്പോൾ ജനങ്ങൾ അങ്ങ് ഇടിച്ചു കേറുന്ന ഒരു ഷോ ആയിരുന്നു.
അവാർഡ് പടത്തിന് ആള് വരുന്ന പോലെയാണ് അവിടുന്നും ഇവിടുന്നുമൊക്കെ ചെറിയ ഫാമിലികളൊക്കെ വരുന്നത്. ആളുകൾ വരാൻ വേണ്ടി ഞങ്ങൾ എല്ലാവരും ഇങ്ങനെ വെയ്റ്റ് ചെയ്യുകയാണ്. സ്റ്റേജിൽ ഞങ്ങൾ ഒരുക്കങ്ങളൊക്കെ നടത്തുന്ന സമയത്തും ശ്രദ്ധ മുഴുവൻ ഓഡിയൻസിലേക്കാണ്.
കർട്ടൻ മാറ്റി ഇങ്ങനെ പതുക്കെ നോക്കും. സ്റ്റേജ് നിറയുന്നുണ്ടോ, ആളുകൾ വരുന്നുണ്ടോ എന്ന്. ആളുകൾ ഉണ്ടെങ്കിൽ അല്ലേ പ്രോഗ്രാമിനു പോലും ഒരു ഭംഗി ഉണ്ടാവുകയുള്ളൂ. ദിലീപേട്ടൻ ടെൻഷനിലാണ്. ‘എടാ, എടാ എങ്ങനെയാടാ? നിറഞ്ഞാടാ ആൾക്കാര്? വന്നോടാ?’ എന്നു ചോദിക്കും. ‘ഇല്ല ദിലീപേട്ടാ, ഒരു കാൽഭാഗം വരെയേ ഉള്ളൂ’ എന്നു ഞങ്ങൾ മറുപടി പറയും.
അദ്ദേഹം മൂഡ് ഔട്ട് ആയിട്ട് പോകും. അങ്ങനെ ഏഴു മണിയുടെ പ്രോഗ്രാം ആണെങ്കിൽ ആറു മണി, ആറര മണി, ആറേ മുക്കാൽ, ഒരു ഏഴ് ഒക്കെ ആകുമ്പോൾ ഒരു 75 ശതമാനം ആളുകളും അല്ലെങ്കിൽ ഒരു 80 ശതമാനം ആളുകളൊക്കെയാണ് നമ്മുടെ ഓഡിറ്റോറിയത്തിൽ വരുന്നത്.
ഫുൾ നിറയുന്നില്ല. പിന്നെ ഒരു എട്ടു മണി ഒക്കെ കഴിയുമ്പോഴേക്കാണ് ഏകദേശം ഒക്കെ നിറയുന്നത്. പക്ഷേ, ഞങ്ങൾ പ്രോഗ്രാം നേരത്തെ തന്നെ തുടങ്ങും. ഈ വിഷയം ജനങ്ങളിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് മനസിലായി. ഈ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി എല്ലാവരും കൂടി പ്ലാൻ ചെയ്ത് ഇവിടുന്ന് ഒരു സ്കിറ്റ് ഒക്കെ റെഡിയാക്കിയാണ് പോയത്.
ദിലീപേട്ടനും ഞാനും പിഷാരടിയും ധർമ്മജനും പാഷാണം ഷാജിയും ഒക്കെ കൂടിച്ചേർന്നുള്ള ഒരു സ്കിറ്റ് ആദ്യം തന്നെ ഇടാൻ വേണ്ടി പ്ലാൻ ചെയ്തു. തുടക്കത്തിലുള്ള ഒരു സ്കിറ്റ് പോലെ. ദിലീപേട്ടൻ ഓഡിയൻസിൽ നിന്ന് ഇങ്ങനെ നടന്നു വരും. നടന്നു വരുമ്പോൾ ഞാനൊക്കെ അവിടുത്തെ അമേരിക്കയിലെ സംഘാടകരായിട്ടാണ് നിൽക്കുന്നത്.
എന്റെ പേര് യൂസഫ് എന്ന് തന്നെയാണ്. അങ്ങനെ തന്നെയാണ് ഇട്ടേക്കുന്നത്. പിഷാരടിയും ഒരു കോട്ട് ഒക്കെ ഇട്ട് അവിടുത്തെ സംഘാടകനായി നിൽക്കുന്നു. അപ്പോൾ ഞങ്ങളോട് പറയുന്ന ഓരോരോ ചോദ്യങ്ങൾ നിങ്ങൾ ദിലീപേട്ടനോട് ചോദിക്കണം.
അപ്പോൾ എന്നോട് ചോദിക്കാൻ പറഞ്ഞ ചോദ്യം, ‘മിസ്റ്റർ ദിലീപ്, നിങ്ങളെക്കുറിച്ച് കുറച്ച് ആരോപണങ്ങൾ കേൾക്കുകയുണ്ടായി. അതിന്റെ സത്യാവസ്ഥ ഞങ്ങൾക്ക് അറിയണം’. ഇതൊക്കെ നേരത്തെ പറഞ്ഞു വച്ചിരിക്കുന്നതാണ്. ‘ഇതു സ്കിറ്റ് ആണ്, ഇങ്ങനെ ചോദിക്കണം’ എന്നൊക്കെ എന്നോട് പറഞ്ഞതുകൊണ്ടാണ് ഞാൻ ചോദിക്കുന്നത്. അല്ലാതെ നമ്മുടെ കൈയിൽ നിന്നിട്ടൊന്നും ചോദിച്ചതൊന്നുമല്ല.
അപ്പോൾ ദിലീപേട്ടൻ, ‘അതൊക്കെ ഞാൻ പറയാം, അതിനു മുമ്പ് യൂസഫ് എന്റെ പോക്കറ്റിൽ നിന്നു അടിച്ചു മാറ്റിയ പഴ്സ് ഇങ്ങു താ’. ദിലീപേട്ടൻ പറയുന്നതു കേട്ട് പിഷാരടിയും ധർമജനും അദ്ദേഹത്തിനൊപ്പം കൂടി. കൂടെയുള്ളവരൊക്കെ തള്ളിപ്പറയുന്നതോടെ ഞാനങ്ങ് ഒറ്റപ്പെട്ടു.
വഴിപോക്കനായി അഭിനയിച്ച പാഷാണം ഷാജിയും വന്ന വഴി എന്റെ മുഖത്തിനടിച്ചിട്ട്, ‘കൊടുക്കെടോ പഴ്സ്’ എന്നു പറയുകയുണ്ടായി. ‘മിസ്റ്റര് ദിലീപ്, നിങ്ങൾ അങ്ങനെ പറഞ്ഞതുകൊണ്ടാണ്, ആ പഴ്സ് കട്ടത് ഞാനാണെന്ന് ഇവരൊക്കെ വിശ്വസിച്ചത്, ഇപ്പോൾ ഇവരെല്ലാം എന്നെ ഒറ്റപ്പെടുത്തുന്നു. ഞാൻ മാനസികമായി തകർന്നു, സത്യാവസ്ഥ നിങ്ങൾക്കറിയാമല്ലോ’!
എന്റെ ഈ ചോദ്യത്തിന് ദിലീപേട്ടന്റെ മറുപടി, ‘യൂസഫേ, നീ എന്നോടു ചോദിച്ച ചോദ്യത്തിന് ഇതാണ് ഉത്തരം, ഇതാണ് ഇപ്പോഴത്തെ എന്റെ അവസ്ഥയും’. അതുകേട്ട് ജനങ്ങൾ കൈയടിച്ചു. പിന്നീട് ഷോ ഗംഭീരമായി, ആളുകൾ നിറഞ്ഞു.
അമേരിക്കയില് നിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് വിഷയങ്ങൾ കൂടുന്നത്. കേസ് ആയി, അദ്ദേഹത്തെ ചോദ്യം ചെയ്യാൻ പോലീസ് വിളിക്കുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളെ വിളിക്കുന്നു. അമേരിക്കൻ ട്രിപ്പിൽ പോയവരെയും വിളിക്കുമെന്ന സംശയങ്ങളൊക്കെ അന്ന് ഉയർന്നിരുന്നു.
അങ്ങനെ ഓരോരുത്തരെ വിളിക്കുന്ന സമയത്ത് ഒരു ഓൺലൈന് മാധ്യമത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. ഈ ആരോപണം ചോദ്യം ചെയ്തത് നടൻ ഹരിശ്രീ യൂസഫ് ആണെന്ന്! ഞാൻ ഈ വാർത്ത വായിച്ച് ഞെട്ടിപ്പോയി. ഞങ്ങൾ പ്ലാൻ ചെയ്ത് കളിച്ച ഒരു സ്കിറ്റിലെ ഡയലോഗ് വച്ചാണ് ഇവർ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്. അതും ദിലീപേട്ടനും ഞാനുമൊക്കെ ചർച്ച ചെയ്തെഴുതിയ ഡയലോഗ് ആണ്.
അതിവിടെ കേരളത്തിലെത്തിയപ്പോൾ സീരിയസ് ആയി. അമേരിക്കൻ പര്യടനത്തിടയിൽ ദിലീപിനോട് ഈ വിഷയം നേരിട്ട് ചോദിച്ചെന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. വാർത്ത വായിച്ച് കണ്ണു തള്ളിപ്പോയി. മാധ്യമങ്ങളൊക്കെ ഒന്നും അന്വേഷിക്കാതെയാണ് വാർത്ത എഴുതി വിടുന്നത്. സ്റ്റേജിൽ വച്ച് ചോദിച്ചെന്നു പറഞ്ഞാൽ കുറച്ചെങ്കിലും ന്യായീകരിക്കാം.
‘യൂസഫ് ഇക്കാ... പണി വരുന്നുണ്ട്’ എന്ന് പിഷാരടിയൊക്കെ വിളിച്ചു പറഞ്ഞു. പോലീസ് എന്നെ എന്തായാലും ചോദ്യം ചെയ്യാൻ വിളിക്കുമെന്ന് ഇതോടെ ഉറപ്പിച്ചു. പക്ഷേ, ആരും വിളിച്ചില്ല. അതിജീവിതയും ദിലീപേട്ടനും ഞങ്ങളുമൊക്കെ എത്ര ഷോ വിദേശത്ത് ഒരുമിച്ച് ചെയ്തിട്ടുണ്ടെന്ന് അറിയാമോ. എത്ര സന്തോഷത്തോടെയാണ് ആ വ്യക്തികൾ ഒന്നിച്ചുപോയിരുന്നത്. ആ കുട്ടിക്ക് ഇങ്ങനെയൊരു അനുഭവം വന്നപ്പോൾ ഒരുപാട് വിഷമം ഉണ്ടായിരുന്നു. എന്നും അന്നും ആ കുട്ടിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂ
ഞാൻ നേരത്തെ പറഞ്ഞ അമേരിക്കൻ ഷോയിൽവച്ച് ദിലീപേട്ടൻ എന്നോട് നിറകണ്ണുകളോടെ പറഞ്ഞ വാക്കുകളുണ്ട്. ‘‘യൂസഫേ ഞാനങ്ങനെ ചെയ്യുവോടാ, എനിക്കൊരു മോളുള്ളതല്ലേടാ’’, എന്ന് പുള്ളി അല്പം നനഞ്ഞ കണ്ണോടുകൂടി പറഞ്ഞപ്പോൾ അദ്ദേഹത്തെ അതിനുശേഷം അവിശ്വസിച്ചിട്ടില്ല. എന്റെ മനസിൽ ഇപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളാണ്, ‘ഞാനങ്ങനെ ചെയ്യോടാ എനിക്കൊരു മോളുള്ളതല്ലേടാ’. ആ ഡയലോഗ് ഇപ്പോഴും എന്റെ മനസിലുണ്ട്. അതിനുശേഷം അദ്ദേഹത്തെ ഒരിക്കലും സംശയിച്ചിട്ടില്ല.
ഇപ്പോൾ കോടതി വിധി വന്നു, ആ കോടതി വിധിയിൽ ദിലീപേട്ടൻ നിരപരാധിയാണ് എന്ന് ജഡ്ജ് വിധിച്ചു. നമ്മള് ആ കോടതി വിധിയെ മാനിക്കുക. ഇനി മേൽക്കോടതിയിലൊക്കെ പോയതിനുശേഷം അദ്ദേഹത്തെ ആ കോടതി ശിക്ഷിക്കുന്നുണ്ടെങ്കിൽ ശിക്ഷിച്ചോട്ടെ. ഈ കോടതി അദ്ദേഹത്തെ നിരപരാധിയായി പറഞ്ഞ സ്ഥിതിക്ക് ഇപ്പോൾ അദ്ദേഹം നിരപരാധിയാണ്. ഇനി നമ്മളായി അദ്ദേഹത്തെ ശിക്ഷിക്കാതിരിക്കുക.