കൊച്ചി: ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതികളെ യുവാവ് മർദിച്ചതായി പരാതി. കൊച്ചി കലൂർ ഫ്രീഡം റോഡിൽ മാലിന്യശേഖരണത്തിനെത്തിയ ഹരിതകർമ സേനാംഗങ്ങളായ സിജോ വർഗീസ്, ഭാര്യ എന്നിവർക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ ഷാജഹാൻ എന്ന യുവാവിനെതിരെ ദമ്പതികൾ പോലീസിൽ പരാതി നൽകി.
മാലിന്യം ശേഖരിക്കുന്നതിനായി വീടുകളിൽ നിന്ന് ഈടാക്കുന്ന 200 രൂപയുടെ യൂസർ ഫീ കുടിശിക ചോദിച്ചെത്തിയപ്പോഴാണ് തർക്കമുണ്ടായത്. ഇവിടെയുള്ള ഇരുനില വീടിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബം തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചു.
തുടർന്ന് ഇവർ മുകളിലത്തെ നിലയിൽ താമസിക്കുന്ന ഷാജഹാന്റെ കുടുംബത്തിൽ നിന്നും 200 രൂപ വാങ്ങി ഹരിതകർമസേനാംഗങ്ങൾക്ക് നൽകി. ഈ തുകയുമായി മടങ്ങാൻ തുടങ്ങുന്പോൾ മുകൾനിലയിൽ നിന്നിറങ്ങിവന്ന ഷാജഹാൻ തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് സിജോ വർഗീസ് പറഞ്ഞു.
ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റ സിജോ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് ഇതുവരെ നടപടിയെടുക്കാൻ തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കേസ് ഒത്തുതീർപ്പാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
അതേസമയം, ഹരിതകർമസേനാംഗങ്ങളായ ദമ്പതികൾ തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹരിതകർമസേനാംഗങ്ങളെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും കൗൺസിലർ പ്രജിത്ത് വ്യക്തമാക്കി.